തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി സംസ്ഥാനതല ടൂറിസം ഡെസ്റ്റിനേഷന്‍ മാപ്പ് ഉണ്ടാക്കുമെന്നു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒന്നില്‍ കുറയാത്ത ടൂറിസം ഡെസ്റ്റിനേഷനുകള്‍ എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ നവീകരിച്ച പൊന്നറ ശ്രീധരന്‍ പാര്‍ക്ക് നാടിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ തിരിച്ചറിയപ്പെടാത്തെ ടൂറിസം കേന്ദ്രങ്ങളെ ലോകത്തിനു പരിചയപ്പെടുത്താന്‍ തദ്ദേശ സ്ഥാപനതല ഡെസ്റ്റിനേഷന്‍ മാപ്പിനു കഴിയുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി പുതിയ ആപ്പ് ഉടന്‍ കൊണ്ടുവരും. വ്യക്തികളുടേയും നാടിന്റെയുമൊക്കെ പ്രത്യേകതകള്‍ ടൂറിസത്തിന്റെ ഭാഗമാക്കാന്‍ ഇതുവഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനു ശേഷം ബയോ ബബിള്‍ കാഴ്ചപ്പാടോടെ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനുള്ള തീരുമാനം വലിയ രീതിയില്‍ ജനങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു. നിരവധി ആളുകള്‍ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. എല്ലാ ടൂറിസം കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 1.02 കോടി ചെലവിലാണു തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയുടെ പദ്ധതിയുടെ ഭാഗമായി പാര്‍ക്ക് നവീകരണം നടത്തിയത്.