ന്യൂഡൽഹി: ഡൽഹിയിൽ യമുന എക്സ്പ്രസ് വേയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.
അപകടത്തിൽ 24 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
ഹിമാചൽ പ്രദേശിൽ നിന്ന് എത്തിയ വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നതെന്നും , നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും പൊലീസ് വ്യക്തമാക്കി.
ഹിമാചൽ പ്രദേശിൽ മണ്ഡി ജില്ലയിലെ അലോക് ഭാരതി വിദ്യാലയത്തിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
ഇവർ ആഗ്ര, ഫത്തേപുർ സിക്രി, മഥുരയിലെ വൃന്ദാവനം എന്നിവ സന്ദർശിക്കാനായി എത്തിയതായിരുന്നു.
ഖണ്ഡോലി ടോൾ പ്ലാസ കടന്നതിന് ശേഷം മുൻവശത്തെ ടയർ തകരാറിലായതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ വിദ്യാർത്ഥികളെ ആഗ്രയിലെ ജയ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
അപകടത്തിൽ ഇതുവരെ ആരും മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാൽ ബസ്സിന്റെ ഡ്രൈവറായ ഹരീഷ് കുമാറിന്റെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
മറ്റൊരു ബസിൽ ഇതേ വിദ്യാലയത്തിൽ നിന്നുള്ള 50 വിദ്യാർത്ഥികൾ യാത്ര ചെയ്യുന്നുണ്ടായിരുന്നു.
അപകടത്തിലായ ബസ് ചണ്ഡിഗഢിൽ നിന്ന് വാടകയ്ക്കെടുത്തതാണെന്ന് ടൂർ ഓപ്പറേറ്റർ ഭരത്ഭൂഷൺ പൊലീസിനോട് പറഞ്ഞു.
അമിത വേഗത്തിലായിരുന്ന ബസ്സിന്റെ ടയർ പെട്ടന്ന് തകരാറിലായതിനാൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ട്ടപെടുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
റിപ്പോർട്ട് : രേഷ്മ പി .എം