കൊട്ടാരക്കര: വിനോദ യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസ്സുമായി സ്‌കൂള്‍ വളപ്പില്‍ അഭ്യാസ പ്രകടനം നടത്തിയ ബസ് ആര്‍ടിഒ പിടിച്ചെടുത്തു. നിരുത്തരവാദപരമായി വാഹനം ഓടിച്ചതിന് ബസ് ഡ്രൈവര്‍ രഞ്ജുവിന്റെ ലൈസെന്‍സും ആര്‍ടിഒ പിടിച്ചെടുത്തു.
കൊല്ലം വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലാണ് വിനോദയാത്രയ്ക്കു പുറപ്പെടുന്നതിന് മുന്നോടിയായി പരിധിവിട്ട ആഘോഷം നടന്നത്. ബസ്സിന് പുറമെ കാറിലും ബൈക്കിലുമായാണ് കുട്ടികള്‍ പ്രകടനം നടത്തിയത്. അഭ്യാസ പ്രകടനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ചൊവ്വാഴ്ച മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ബസുടമയെ വിളിച്ചുവരുത്തി ഡ്രൈവറുടെ ലൈസന്‍സ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
സംഭവത്തില്‍ സ്‌കൂളിന് ഒരു ബന്ധവുമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. സ്‌കൂള്‍ വളപ്പിന് പുറത്തുള്ള ഗ്രൗണ്ടില്‍ നടന്ന അഭ്യാസത്തില്‍ പങ്കെടുത്തവരാരും ഇവിടത്തെ വിദ്യാര്‍ഥികളായിരുന്നില്ല. ബസിനൊപ്പം പുറത്തുനിന്ന് എത്തിയവരായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് വിനോദയാത്ര റദ്ദാക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അഭ്യര്‍ഥന മാനിച്ചാണ് യാത്രപോകാന്‍ തീരുമാനിച്ചത്. വാഹനാഭ്യാസം നടത്തിയവര്‍ക്കെതിരേ നടപടിവേണമെന്ന് മോട്ടോര്‍വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്‌കൂള്‍ മാനേജര്‍ കെ.ബി.റാണികൃഷ്ണ പറഞ്ഞു.