വിദേശിയെക്കൊണ്ട് മദ്യം ഒഴുക്കി കളയിച്ചതില്‍ റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി; ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം: കോവളത്ത് മദ്യം ഒഴുക്കി കളയിച്ച പൊലീസ് നടപടിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ പൊലീസും അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ഡിസിപി വൈഭവ് സക്‌സേന സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോടു റിപ്പോര്‍ട്ട് തേടി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് സൂചന.

സംഭവം ദൗര്‍ഭാഗ്യകരമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും പറഞ്ഞു. ടൂറിസം മേഖലയെ തകര്‍ക്കുന്ന നടപടികള്‍ അഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നടപടി സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായാണോ നടന്നതെന്ന് പരിശോധിക്കും. അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ബെവ്കോ ഔട്ട്ലെറ്റില്‍നിന്ന് മദ്യം വാങ്ങി താമസ സ്ഥലത്തേക്കുപോയ വിദേശ വിനോദ സഞ്ചാരിയെ പൊലീസ് അവഹേളിച്ചത്. മദ്യത്തിന്റെ ബില്ല് ചോദിച്ച പൊലീസ് ബില്ല് ഇല്ലെങ്കില്‍ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാട് എടുത്തു. ഇതോടെ വിദേശി മദ്യം റോഡരികില്‍ ഒഴിച്ചു കളഞ്ഞു. അതോടൊപ്പം പ്ലാസ്റ്റിക് മദ്യക്കുപ്പി റോഡില്‍ ഉപേക്ഷിക്കാതെ അദ്ദേഹം മാതൃക കാണിക്കുകയും ചെയ്തു. കോവളം ബീച്ച് റോഡിലാണ് സംഭവം.

സ്റ്റിഗ്ഗ് സ്റ്റീഫന്‍ ആസ്ബെര്‍ഗ് എന്ന സ്വീഡിഷ് പൗരനാണ് പുതുവര്‍ഷത്തലേന്ന് റോഡില്‍ ദുരനുഭവം നേരിടേണ്ടി വന്നത്. പിന്നാലെ നിരപരാധിയാണെന്ന് പൊലീസിന് വ്യക്തമാക്കാന്‍ ബിവറേജില്‍ പോയി ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കി. വിനോദ സഞ്ചാരികളോട് ഔചിത്യമില്ലാതെ പെരുമാറിയ പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

Top