ഇത് പൂച്ചയല്ല, പുലിയാണ്; സഫാരി ജീപ്പിന് മുകളില്‍ ടൂറിസ്റ്റിന്റെ മുടി രുചിച്ച് ചീറ്റപ്പുലി

ജീവിതത്തിലെ ഓരോ നിമിഷവും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതാണ് ഇന്നത്തെ സ്ഥിതി. ഒരു ചടങ്ങില്‍ പങ്കെടുത്താലും, യാത്രക്ക് പോയാലും സെല്‍ഫി വീഡിയോകള്‍ പകര്‍ത്തുന്നതാണ് ആളുകളുടെ പ്രധാന വിനോദം. എന്നാല്‍ തലയ്ക്ക് മുകളില്‍ ചീറ്റപ്പുലി വന്ന് നില്‍ക്കുമ്പോഴും വീഡിയോ പകര്‍ത്തുന്നത് അവസാനിപ്പിക്കാത്ത ഒരു സ്ത്രീയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്ത് പ്രചരിക്കുന്നത്.

തുറന്ന സഫാരി ജീപ്പിന് മുകളില്‍ കയറിയ ചീറ്റപ്പുലി ദൃശ്യങ്ങള്‍ ചിത്രീകരിച്ച സ്ത്രീയുടെ മുടി കരളുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ടാന്‍സാനിയയിലെ ജംഗിള്‍ സഫാരിക്ക് ഇടെയാണ് സംഭവം. പുലി സ്ത്രീയുടെ അരികിലേക്ക് നീങ്ങി മുടിയുടെ ഗന്ധം നോക്കുന്നതിനിടെയും മുഖത്തെ ഞെട്ടല്‍ മറച്ച് അനങ്ങാതെ വീഡിയോ പിടുത്തം തുടരുന്നു.

ഏതാനും നിമിഷങ്ങള്‍ പ്രശ്‌നങ്ങളില്ലാതെ ഇങ്ങനെ കടന്നുപോകുമ്പോള്‍ പിന്നില്‍ നിന്നും ഒരു ശബ്ദം സ്ത്രീക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ‘താഴേക്ക് വരൂ, അത് നിങ്ങളെ കടിക്കാന്‍ ഒരുങ്ങുകയാണ്’, ഇതിനിടെ ചീറ്റപ്പുലി പിന്‍വാങ്ങിയതോടെ സ്ത്രീ സുരക്ഷിതയായി. എന്നാല്‍ സഫാരി വാഹനത്തിന്റെ മുകളില്‍ നിന്ന് ഇറങ്ങാന്‍ ഇത് കൂട്ടാക്കിയില്ല.

വീഡിയോ ദൃശ്യങ്ങള്‍ ആഫ്രിക്ക ട്രാവല്‍ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം രീതികള്‍ക്ക് ശ്രമിക്കരുതെന്ന് ഇവര്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ‘സഫാരിക്ക് ഇറങ്ങുന്നവര്‍ക്കുള്ള വലിയ പാഠമാണിത്. ഇത് സംഭവിക്കാന്‍ അനുവദിക്കരുത്’, അവര്‍ ഓര്‍മ്മിപ്പിച്ചു.

Top