സഞ്ചാരികളെ ആകര്‍ഷിച്ച്‌ ഹോളി ഐലൻഡ് ഒഫ് ലിണ്ടിസ്ഫാൺ

ഹോളി ഐലൻഡ് ഒഫ് ലിണ്ടിസ്ഫാൺ, പേര് സൂചിപ്പിക്കും പോലെ പവിത്രമായ ദ്വീപാണിത്. എ.ഡി ആറാം നൂറ്റാണ്ട് മുതലുള്ള ചരിത്രമുണ്ട് ഈ ദ്വീപിന്. ചരിത്രപരമായ സവിശേഷതകൾക്കൊപ്പം പ്രകൃതി മനോഹാരിത കൊണ്ട് സഞ്ചാരികൾക്കിടയിൽ പ്രിയമേറി വരുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണിത്. ബ്രിട്ടനിലെ ആദ്യകാല ക്രിസ്തുമതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ലിണ്ടിസ്ഫാൺ. അങ്ങനെയാണ് ഇതിനു ഹോളി ഐലന്റ് എന്ന പേര് ലഭിച്ചത്. എ.ഡി 635ൽ ഒരു കൂട്ടം ഐറിഷ് സന്യാസിമാർ ഇവിടെ സ്ഥിരതാമസമാക്കി.

ബിഷപ്പ് കത്‌ബെർട്ടിനെ ആരാധിക്കുന്ന ഒരു ആരാധനാലയവും ഇവിടെ നിലനിന്നിരുന്നു. ഇതിന്റെ ശേഷിപ്പ് എന്ന് കരുതുന്ന കെട്ടിടം ഇപ്പോഴും ഇവിടെയുണ്ട്. ഇരുപതാം നൂറ്റാണ്ട് മുതലാണ് ഈ പ്രദേശത്തെ ടൂറിസം സാദ്ധ്യതകൾ ക്രമാനുഗതമായി വളരാൻ തുടങ്ങിയത്. ഇന്ന് ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഇവിടം. ദ്വീപിനെ ചുറ്റിപ്പറ്റിയുള്ള 8,750 ഏക്കർ ദേശീയ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലേക്ക് ദിവസവും നിരവധി പക്ഷി നിരീക്ഷകരെത്തുന്നു. ഇവിടെ നിരവധി ദേശാടന പക്ഷികളെ കാണാൻ കഴിയും. 2016ലെ കണക്കനുസരിച്ച് ഏകദേശം 330 ഇനങ്ങളിൽപ്പെട്ട പക്ഷിമൃഗാദികൾ ഈ ദ്വീപിൽ ഉണ്ടെന്നാണ് കണക്ക്.

പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച ‘ലിണ്ടിസ്ഫാൺ കാസിൽ’ ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണമാണ്. സ്‌കോട്ട്ലാൻഡിനടുത്തുള്ള ബെബ്ലോ ക്രെയ്ഗ് എന്ന് പേരുള്ള ഒരു അഗ്നിപർവതത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.ഈ ഹോളി ദ്വീപിന്റെ തീരങ്ങളിലുടനീളം പഴയ ബോട്ടുകൾ രൂപാന്തരം വരുത്തി, ‘വീടു’കളാക്കി മാറ്റിയിരിക്കുന്നത് കാണാൻ കഴിയും. വാട്ടർപ്രൂഫ് ആക്കാനായി ഈ ബോട്ട് ഫ്രെയിമുകൾ ടാർ കൊണ്ട് മൂടിയതും ഇവിടുത്തെ സ്ഥിരം കാഴ്ച്ചകളിലൊന്നാണ്. ലിണ്ടിസ്ഫാണിന്റെ മുഖമുദ്ര‌യാണ് ഈ കാഴ്ച. ദ്വീപിൽ പണ്ടുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ചിരുന്ന ബോട്ടുകൾ ആണിവ.

അതുകൊണ്ടുതന്നെ ഇവയ്ക്ക് വളരെയേറെ ചരിത്രപ്രാധാന്യമുണ്ട്. ടൂറിസ്റ്റുകൾക്ക് വളരെയേറെ കൗതുകമുണർത്തുന്ന ഒരു കാഴ്ചയാണിത്.ഈ ദ്വീപിൽ വെറും 180 പേർ മാത്രമാണ് താമസിക്കുന്നത്. 2020 ഫെബ്രുവരിയിലെ റിപ്പോർട്ടുകൾ പ്രകാരം ദ്വീപിൽ മൂന്ന് പബ്ബുകളും ഹോട്ടലും പ്രവർത്തിച്ചിരുന്നു. കൂടാതെ ഒരു പോസ്റ്റോഫീസും ഇവിടെയുണ്ട്. എന്നാൽ, ഈ ദ്വീപിൽ പ്രൊഫഷണൽ മെഡിക്കൽ സേവനങ്ങളൊന്നും ലഭ്യമല്ല. അവശ്യസാധനങ്ങൾ വാങ്ങുന്നതിനും മറ്റുമായി ഇവിടത്തെ താമസക്കാർ അടുത്തുള്ള പട്ടണമായ ബെർവിക് ഓൺ ട്വീഡിലേക്കാണ് പോകുന്നത്.

വേലിയേറ്റ സമയങ്ങളും കാലാവസ്ഥയും പ്രത്യേകം ശ്രദ്ധിച്ചു മാത്രമെ ഇവിടേക്ക് യാത്ര ചെയ്യാൻ കഴിയുകയുള്ളൂ. ഇതിനായി ഈ പ്രദേശത്ത് തന്നെ പ്രത്യേക മുന്നറിയിപ്പ് അടയാളങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വേലിയിറക്ക സമയത്ത് മാത്രമേ ദ്വീപിലേക്ക് എത്തിച്ചേരാനുള്ള വഴി തെളിയുകയുള്ളു. ഉയർന്ന വേലിയേറ്റത്തിന് ഏകദേശം മൂന്ന് മണിക്കൂർ മുതൽ അടുത്ത ഉയർന്ന വേലിയേറ്റത്തിന് രണ്ട് മണിക്കൂർ വരെ ഇവിടേക്കുള്ള തീരദേശപാത പൊതുവേ തുറന്നിരിക്കും. കൊടുങ്കാറ്റുള്ള കാലാവസ്ഥയിൽ ഇത് അടച്ചിടുന്ന കാലയളവ് നീട്ടിയേക്കും. നോർത്തംബർലാൻഡ് കൗണ്ടി കൗൺസിൽ ആണ് ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ സഞ്ചാരികൾക്ക് നൽകുന്നത്.

Top