ടൂറിസ്റ്റ് വിസകള്‍ അനുവദിച്ച ശേഷം ഒമാനില്‍ പ്രവേശിക്കേണ്ട കാലപരിധിയില്‍ പരിഷ്‌കാരങ്ങള്‍

ഒമാന്‍: ടൂറിസ്റ്റ് വിസകള്‍ അനുവദിച്ച ശേഷം ഒമാനില്‍ പ്രവേശിക്കേണ്ട കാലപരിധിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നിലവില്‍ മൂന്ന് തരം വിനോദ സഞ്ചാര വിസകളാണ് ഒമാനില്‍ ലഭിക്കുന്നത്.

പത്ത് ദിവസത്തെയും ഒരു മാസത്തെയും വിസകള്‍ അനുവദിച്ച ശേഷം മൂന്ന് മാസത്തിനുള്ളില്‍ യാത്രികന്‍ ഒമാനിലെത്തണം. എന്നാല്‍ ഒരു വര്‍ഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് ഒരു മാസമാണ് പ്രവേശന കാലപരിധിയെന്ന് പാസ്‌പോര്‍ട്ട് ആന്റ് റെസിഡന്‍സി വിഭാഗം ഡയറക്ടര്‍ ജനറല്‍ അല്‍ നബ്ഹാനി പറഞ്ഞു. സ്‌പോണ്‍സറില്ലാത്ത ടൂറിസ്റ്റ് വിസയുടെ കാലപരിധിയും ഒരു മാസമാണ്.

പുതിയ ഉത്തരവ് പ്രകാരം സ്റ്റുഡന്റ് വിസ, ഓണേഴ്‌സ് വിസ, ഓണര്‍ഷിപ്പ് വിസയുടെ രജിസ്‌ട്രേഷന്‍, തൊഴില്‍ വിസ എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ എളുപ്പമാക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങളിലുള്ള വിസ അനുവദിച്ച് 3 മാസത്തിനുള്ളില്‍ ആള്‍ ഒമാനിലെത്തണം.

അമ്പത് റിയാല്‍ തിരിച്ചുകിട്ടാത്ത ഫീസ് അടച്ചാല്‍ താത്ക്കാലിക തൊഴില്‍ വിസ രാജ്യം വിടാതെ തന്നെ സ്ഥിരം വിസയാക്കി മാറ്റാന്‍ സാധിക്കും. നിലവിലെ വിസയില്‍ നിന്ന് പുതിയതിലേക്ക് മാറുന്നതിനും രാജ്യത്തിന് പുറത്ത് പോകേണ്ടതില്ല. അമ്പത് റിയാല്‍ ഫീസ് അടച്ചാല്‍ മാത്രം മതി.

Top