അബുദബി: വിനോദ സഞ്ചാരികള്‍ക്ക് അബൂദബി എമിറേറ്റില്‍ പ്രവേശിക്കുന്നതിന് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമില്ല. വാക്‌സിനേഷന്‍ സ്വീകരിച്ച നിലവില്‍ യു.എ.ഇയിലുള്ളവര്‍ക്ക് അല്‍ ഹുസ്‌ന ആപ്ലിക്കേഷനില്‍ 14 ദിവസത്തെ പി.സി. ആര്‍ നെഗറ്റീവ് ഫലമോ 96 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശോധനാ ഫലമോ ആണ് അബൂദബി പ്രവേശനത്തിനായി വേണ്ടത്.
ഗ്രീന്‍ പാസ് നിലനിര്‍ത്താന്‍ താമസക്കാര്‍ ഒരു ബൂസ്റ്റര്‍ കൂടി എടുക്കണമെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പ് ( ഡി.സി.ടി. അബൂദബി ) ടൂറിസ്റ്റുകളുടെ യാത്രക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ടൂറിസ്റ്റുകള്‍ തങ്ങളുടെ മാതൃ രാജ്യത്തുനിന്ന് സ്വീകരിച്ച വാക്‌സിനേഷന്‍ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് കരുതിയിരിക്കണം. കഴിഞ്ഞ 14 ദിവസത്തിനു ള്ളില്‍ ലഭിച്ച നെഗറ്റിവ് പി.സി.ആര്‍ പരിശോധന ഫലം ഹാജരാക്കുകയും വേണം.
അല്ലെങ്കില്‍ വിനോദസഞ്ചാരികളുടെ മാതൃ രാജ്യത്തു നിന്ന് ലഭിച്ച 48 മണിക്കൂര്‍ പി.സി.ആര്‍ പരിശോധന നെഗറ്റിവ് ഫലം കാണിക്കണം. വാക്‌സിനേഷന്‍ എടുക്കാത്ത സന്ദര്‍ശകര്‍ക്ക് 96 മണിക്കൂറിനുള്ളില്‍ ലഭിച്ച നെഗറ്റിവ് പി .സി.ആര്‍ പരിശോധന ഫലം ഹാജരാക്കിയും പ്രവേശിക്കാം. അതേസമയം ദുബൈ-അബൂദബി റോഡ് എന്‍ട്രി പോയന്റ് വഴി എമിറേറ്റിലേക്ക് പ്രവേശിക്കുന്ന വിനോദ സഞ്ചാരികള്‍ക്കായി വലതു പാത ലെയിന്‍ 1 ടൂറിസ്റ്റ് പാതയായി നിര്‍ണയിച്ചിട്ടുണ്ട്.