യുവതാരം ടൊവീനോ തോമസ് പ്രധാനവേഷത്തില്‍ എത്തിയ ചിത്രമാണ് ഗപ്പി. നവാഗതനായ ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രത്തില്‍ മാസ്റ്റര്‍ ചേതന്‍ ആയിരുന്നു ടൊവീനോയ്‌ക്കൊപ്പം മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്.
ഈ വര്‍ഷം ആഗസ്റ്റ് 5ന് പുറത്തിറങ്ങിയ ചിത്രം നിരൂപകര്‍ക്കിടയിലും മറ്റും മികച്ച അഭിപ്രായം നേടിയെങ്കിലും വലിയൊരു സാമ്പത്തിക വിജയം നേടിയിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമയുടെ ഡിവിഡി പുറത്തിറക്കിയത്. ഡിവിഡി കണ്ട ശേഷം ഈ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു ആളുകള്‍ അയക്കുന്ന സന്ദേശങ്ങള്‍ കാണുമ്പോള്‍ വേദന തോന്നുവെന്ന് ടൊവീനോ തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഗപ്പി എന്ന സിനിമയുടെ DVD ഇറങ്ങിയതിനു ശേഷം ദിവസേന നൂറ് കണക്കിന് മെസ്സേജുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് .വളരെ നല്ല സിനിമയാണെന്നും തിയേറ്ററിൽ പോയി ഈ സിനിമ കാണാഞ്ഞതിൽ ഖേദിക്കന്നു എന്നും പല മെസ്സേജുകളിലും കണ്ടപ്പോൾ എന്തുകൊണ്ടോ സന്തോഷത്തേക്കാൾ വേദന ആണ് തോന്നിയത്.
ഈ പറയുന്നവരൊക്കെ അന്ന് ഞങ്ങളെ വിശ്വസിച്ച് തിയേറ്ററിൽ പോയി തന്നെ സിനിമ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. കേരളത്തിൽ സൂപ്പർ ഹിറ്റല്ല എന്ന കാരണത്താൽ കേരളത്തിനു പുറത്തും ഇന്ത്യക്കു പുറത്തും ഈ സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ സാധിച്ചില്ല!
ആരോടും പരാതിയോ പരിഭവമോ ഇല്ല. ആരെയും കുറ്റപ്പെടുത്തുന്നതുമല്ല.
പക്ഷെ ഇനി മുതൽ എങ്കിലും മലയാളത്തിൽ ഇറങ്ങുന്ന നല്ല സിനിമകൾ ഇവിടുത്തെ പ്രേക്ഷകരാൽ തഴയപ്പെടാതിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹമുണ്ട്.മലയാള സിനിമ അതിന്റെ ഏറ്റവും നല്ല സമയത്തിലൂടെ കടന്നു പോകുന്നോൾ കുറച്ചു കൂടുതൽ പ്രേക്ഷക പിന്തുണ ഒരു പക്ഷെ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. നിങ്ങൾക്കെല്ലാം മികച്ച തിയേറ്റർ അനുഭവം ആവണം എന്ന ആഗ്രഹത്തോടെ ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് വളരെയധികം കഷ്ടപ്പെട്ട് തന്നെയാണ് ഇവിടെ മികച്ച ക്വാളിറ്റി ഉള്ള സിനിമകൾ ഉണ്ടാക്കപ്പെടുന്നത്. ഞാൻ ഈ പോസ്റ്റിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വളരെ നല്ല അർത്ഥത്തിൽ മാത്രം എല്ലാവരും മനസ്സിലാക്കും എന്ന വിശ്വാസത്തിൽ നിറുത്തട്ടെ! എല്ലാവർക്കും നന്മ മാത്രം വരട്ടെ!
അപ്പൊ ഇനി തിയേറ്ററിൽ കാണാം. 🙂
നന്ദി!