ടൊവിനോ ചിത്രം മിന്നല്‍ മുരളി ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍

ടൊവിനോ തോമസ് നായകനായി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളി’ ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ തന്നെയാണ് വിവരം പുറത്തുവിട്ടത്.
‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്ട് ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ‘മിസ്റ്റര്‍ മുരളി’യെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. ‘മെരുപ്പ് മുരളി’യെന്ന് തെലുങ്ക് പതിപ്പിനും ‘മിഞ്ചു മുരളി’യെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.

ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്‌മാന്‍. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് വ്‌ളാഡ് റിംബര്‍ഗാണ്. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് ക്ലൈമാക്‌സ് ചിത്രീകരണം പൂര്‍ത്തിയായത്. 20 ദിവസങ്ങള്‍ കൊണ്ടാണ് ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചത്.

Top