‘ആദ്യം 32,000 സ്ത്രീകളെന്ന് പറഞ്ഞു, എന്നിട്ട് അത് മൂന്നാക്കി’; ‘ദി കേരള സ്റ്റോറി’യെക്കുറിച്ച് ടൊവിനോ

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യെ കുറിച്ച് പ്രതികരിച്ച് നടൻ ടൊവിനോ തോമസ്. താൻ ചിത്രം കണ്ടിട്ടില്ലെന്ന് ടൊവിനോ പറഞ്ഞു. സിനിമ കണ്ടവരോട് താൻ സംസാരിച്ചിട്ടില്ലെന്നും നടൻ പറഞ്ഞു.

“കേരള സ്റ്റോറിയുടെ ട്രെയിലർ മാത്രമാണ് ഞാൻ കണ്ടത്. സിനിമ ഇതുവരെ കണ്ടിട്ടില്ല. കൂടാതെ കണ്ടവരോട് സംസാരിച്ചിട്ടുമില്ല. ട്രെയിലറിലെ വിവരണത്തിൽ ‘32,000 സ്ത്രീകൾ’ എന്നായിരുന്നു, എന്നിട്ട് നിർമാതാക്കൾ തന്നെ അത് 3 ആക്കിമാറ്റി. എന്താണ് അർഥമാക്കുന്നത്? എനിക്കറിയാവുന്നിടത്തോളം കേരളത്തിൽ 35 ദശലക്ഷം ആളുകളുണ്ട്, ഈ മൂന്ന് സംഭവങ്ങൾ കൊണ്ട് ആർക്കും അതിനെ സാമാന്യവൽക്കരിക്കാൻ കഴിയില്ല. ഇത് കേരളത്തിൽ നടന്നുവെന്ന വസ്തുത ഞാൻ നിഷേധിക്കില്ല. ഇത് സംഭവിച്ചിരിക്കാം. എനിക്ക് വ്യക്തിപരമായി ഇത് അറിയില്ല, പക്ഷേ ഞാൻ ഇത് വാർത്തകളിൽ വായിച്ചിട്ടുണ്ട്”- ടൊവിനോ വ്യക്തമാക്കി.

“ഇന്ന് നമ്മൾ കാണുന്നതെല്ലാം വസ്തുതകളല്ല. കേവലം അഭിപ്രായങ്ങൾ മാത്രമാണ്. അഞ്ച് വ്യത്യസ്ത ചാനലുകളിൽ ഒരേ വാർത്ത അഞ്ച് വ്യത്യസ്തമായ രീതിയിൽ കൊടുക്കുന്നത് നമ്മൾ കാണുന്നു. അതിനാൽ ശരിയും തെറ്റും എനിക്കറിയാം. 35 ദശലക്ഷത്തിൽ മൂന്ന് സാമാന്യവൽക്കരിക്കാൻ കഴിയില്ല, തെറ്റായ വിവരങ്ങൾ നൽകുന്നത് വളരെ മോശമാണ്”- ടൊവിനോ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Top