തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട അനുജന്‍ ശ്രീജിവിന്‌റെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസും രംഗത്ത്.
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിന് സമരസ്ഥലത്ത് എത്തിയാണ് ടൊവിനോ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. നേരത്തെ നിവിന്‍ പോളി, അനു സിത്താര, ഹണി റോസ്, ജോയ് മാത്യു തുടങ്ങിയവര്‍ ശ്രീജിത്തിന്റെ സമരത്തിന് പിന്തുണ അറിയിച്ചിരുന്നു.
ശ്രീജിത്തിന്റെ സമരം 765 ദിവസത്തിലേയ്ക്ക് എത്തുമ്പോള്‍ യുവാവിന് പിന്തുണയുമായി സൈബര്‍ ലോകവുംസോഷ്യല്‍ മീഡിയ കൂട്ടായ്മകളും സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തിയിട്ടുണ്ട്. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗ് ക്യാമ്പയിന് തുടക്കമിട്ട ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് പ്രതിഷേധ പരിപാടികൾ ശ്രീജിത്തിന് വേണ്ടി സംഘടിപ്പിക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പ് ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട തന്റെ സഹോദരന്‍ ശ്രീജിവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്‍പില്‍ സമരം ചെയ്യുന്നത്.
കഴിഞ്ഞ ഡിസംബര്‍ 22ന് കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സിബിഐയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെയും ഹൈക്കോടതിയുടേതുമായി നിരവധി കേസുകള്‍ പക്കലുണ്ടെന്നും അതുകൊണ്ട് ഈ കേസ് ഏറ്റെടുക്കാനാകില്ലെന്നുമാണ് സിബിഐ അറിയിച്ചു.
2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെടുന്നത്. എന്നാല്‍, അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചാണ് ശ്രീജിവ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.