കൊച്ചി: സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന “2018 എവരി വണ്‍ ഈസ് ഹീറോ” എന്ന ചിത്രം ഏപ്രിൽ 21 ന് റിലീസ് ചെയ്യും. ഏറെ നാളുകൾ നീണ്ട ചിത്രീകരണം, വൻതാരനിര എന്നിവയെല്ലാം ചേര്‍ന്നാണ് 2018 പ്രളയ ദിവസങ്ങളെ വീണ്ടും സ്ക്രീനില്‍ എത്തിക്കുന്നത്. നേരത്തെ പൃഥ്വിരാജും ഫഹദ് ഫാസിലും ചേർന്ന് പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റതായി ഒരു വാര്‍ത്ത സമ്മേളനം കൊച്ചിയില്‍ നടന്നിരുന്നു. ഇതില്‍ ചിത്രത്തിലെ പ്രധാന താരമായ ടൊവിനൊ തോമസ് നടത്തിയ അഭിപ്രായ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രളയസമയത്ത് താൻ നടത്തിയത് പിആർ വർക്കുകൾ ആണെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നു. ‘പ്രളയം സ്റ്റാർ’ എന്ന് പോലും പലരും വിളിച്ചിരുന്നു. അത്തരം ട്രോളുകളും വിമർശനങ്ങളും ഏറെ വേദനിപ്പിച്ചു എന്ന് ടൊവിനോ പറഞ്ഞു.
പ്രളയം സിനിമയിലേക്ക് ജൂഡ് ആന്റണി ജോസഫ് വിളിച്ചപ്പോഴും വരാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ഈ സിനിമയുടെ ടെക്നിക്കൽ സാധ്യത മനസിലാക്കിയ ശേഷമാണ് സിനിമയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്നും ടൊവിനോ പറഞ്ഞു.
‘ആ സമയത്ത് ഒരു രണ്ടാഴ്ച കൂടി മഴ പെയ്താൽ നമ്മളൊക്കെ മുങ്ങിപോകുമെന്നല്ലേ നമ്മളൊക്കെ കരുതിയിരുന്നത്. ചാവാൻ നിൽക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ? അതിനുള്ള ബുദ്ധിയോ ദീര്‍ഘ വീക്ഷണമോ എനിക്കുണ്ടായിരുന്നില്ല, എല്ലാവർക്കുമുള്ള പേടിയും ആശങ്കയുമാണ് എനിക്കുമുണ്ടായിരുന്നത്. പ്രളയസമയത്ത് തന്നെക്കുറിച്ച് നല്ല കാര്യങ്ങൾ മാത്രമാണ് സോഷ്യൽ മീഡിയയിൽ വന്നത്. എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ വിമർശനങ്ങൾ ഉയർന്നു. പ്രളയം കഴിഞ്ഞപ്പോൾ എന്നെ പ്രളയം സ്റ്റാർ എന്ന് വിളിക്കാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്? ‘മായാനദി’ ഇറങ്ങിയതുകൊണ്ടാണ് പ്രളയം വന്നതെന്ന തരത്തിൽ വരെ പ്രചാരണമുണ്ടായി’ – ടൊവിനോ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.