ജപ്പാന് അടക്കമുള്ള രാജ്യങ്ങളില്‍ ടൊയോട്ട വിറ്റഴിച്ചുവരുന്ന ക്രോസോവര്‍ സ്പോര്‍ട് യൂട്ടിലിറ്റി വാഹനം സി – എച്ച്.ആര്‍ (കൂപെ ഹൈ റൈഡര്‍) ഇന്ത്യയിലേക്കും. ഇന്ത്യന്‍ നിരത്തില്‍ CHR എസ്യുവിയുമായി പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വിപണിയില്‍ ഹ്യുണ്ടായ് ക്രേറ്റ, ട്യൂസോണ്‍ എന്നിവയ്ക്കൊപ്പം എത്തുന്ന വാഹനത്തിന് 15 ലക്ഷം മുതലാവും വില. ഈവര്‍ഷം വാഹനം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഡ്യൂവല്‍ സോണ്‍ ഓട്ടോമാറ്റിക് എസി, 4.2 ഇഞ്ച് മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവ CHR എസ്യുവിയുടെ അകത്തളത്തില്‍ ശ്രദ്ധയാകര്‍ഷിക്കും. ഒമ്പതു സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സംവിധാനം ആഗോള വിപണികളില്‍ അണിനിരക്കുന്ന മോഡലിലുണ്ട്.
4,360 mm നീളവും 1,795 mm വീതിയും 1,565 mm ഉയരവും ടൊയോട്ട CHR എസ്യുവിക്കുണ്ട്. 2,640 mm വീല്‍ബേസും 180 mm ഗ്രൗണ്ട്ക്ലിയറന്‍സും എസ് യുവിയുടെ രൂപം പൂര്‍ണമാക്കും. ‘കൂപ്പെ ഹൈ റൈഡര്‍’ എന്നതിന്റെ ചുരുക്കപ്പേരാണ് CHR. റെനോ ഡസ്റ്റര്‍, ഹ്യുണ്ടായ് ക്രേറ്റ എന്നിവയെക്കാള്‍ വലിപ്പമേറിയ വാഹനമാവും സി – എച്ച്.ആര്‍.
ഏറ്റവും പുതിയ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ മോഡലില്‍ മുഖ്യവിശേഷമായി മാറും. 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാണ് ടൊയോട്ട CHR വിദേശ വിപണികളില്‍ വില്‍പനയ്ക്ക് എത്തുന്നത്. 148 bhp കരുത്തും 193 Nm torque ഉം പരമാവധിയുള്ള എഞ്ചിനില്‍ സിവിടി ഗിയര്‍ബോക്‌സാണ് കമ്പനി നല്‍കുന്നതും. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.8 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് പതിപ്പുകളും CHR -ല്‍ ലഭ്യമാണ്.