പുതിയ നിറത്തില്‍ അണിഞ്ഞൊരുങ്ങി ടൊയോട്ട എത്തിയോസ് ലിവ ഹാച്ച്ബാക്ക്

പുതിയ ‘ഇന്‍ഫെര്‍ണോ ഓറഞ്ച്’ നിറഭേദത്തില്‍ ടൊയോട്ട എത്തിയോസ് ലിവ വിപണിയില്‍ പുറത്തിറങ്ങി. നിലവിലെ ചുവപ്പ് – കറുപ്പ്, വെളുപ്പ് – കറുപ്പ് നിറഭേദങ്ങള്‍ക്ക് പുറമെയാണ് ആ നിറം ഒരുക്കിയിരിക്കുന്നത്. പുതിയ ഇന്‍ഫേര്‍ണോ ഓറഞ്ച് നിറഭേദത്തിന് 5.85 ലക്ഷം മുതലാണ് വിപണിയില്‍ പ്രൈസ്ടാഗ്. 7.44 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന എത്തിയോസ് ഡീസല്‍ വകഭേദത്തിന് വില. വിലകള്‍ ദില്ലി എക്സ്ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

നിലവിലുള്ള നിറങ്ങള്‍ക്ക് സമാനമായി എത്തിയോസ് ലിവയുടെ V, VX, VD, VDX വകഭേദങ്ങളില്‍ പുതിയ ഇന്‍ഫേര്‍ണോ ഓറഞ്ച് നിറം ലഭ്യമാകും. കറുപ്പ് നിറത്തിലാണ് മേല്‍ക്കൂര. മുന്‍ ഗ്രില്ലും മിററുകളും പിന്‍ സ്പോയിലറും ഒരുങ്ങുന്നത് കറുപ്പ് നിറത്തിലാണ്. മറ്റു ബോഡി ഘടനകളെല്ലാം ഓറഞ്ച് നിറത്തിലുമാണ്. അലോയ് വീലുകള്‍ക്കും ഇരട്ടനിറമാണ്. സെന്റര്‍ കണ്‍സോളിന് ലഭിച്ച പിയാനൊ ബ്ലാക് ഫിനിഷ് പുതിയ ഇന്‍ഫേര്‍ണോ ഓറഞ്ച് ശൈലിയുടെ വിശേഷങ്ങളില്‍പ്പെടും.

2-DIN ഓഡിയോ സംവിധാനം, വൈദ്യുത പിന്തുണയാല്‍ മടക്കിവെയ്ക്കാവുന്ന മിററുകള്‍, ഡെയ്/നൈറ്റ് മിററുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിങ്ങനെ നീളും എത്തിയോസ് ലിവയില്‍ ടൊയോട്ട നല്‍കുന്ന ഫീച്ചറുകള്‍. രണ്ടു എഞ്ചിന്‍ പതിപ്പുകളാണ് എത്തിയോസ് ലിവയില്‍. ഒന്ന് 1.2 ലിറ്റര്‍ പെട്രോള്‍, മറ്റൊന്ന് 1.4 ലിറ്റര്‍ ഡീസല്‍. പെട്രോള്‍ എഞ്ചിന്‍ 79 bhp കരുത്തും 104 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. 67 bhp കരുത്തും 170 Nm torque ഉം ഡീസല്‍ എഞ്ചിനില്‍ ഇടംപിടിക്കും. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഒരുങ്ങുന്നത്.

Top