29 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിച്ചു പരിശോധിക്കാന്‍ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ ഒരുങ്ങുന്നു.
ജന്മാനാടായ ജപ്പാനു പുറമെ ചൈനയിലും ഓഷ്യാനിയ മേഖലയിലുമൊക്കെ ബാധകമായ പരിശോധനയില്‍ സെഡാനായ ‘കൊറോള ആക്‌സിയോ’യും സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ‘ആര്‍ എ വി ഫോറു’മൊക്കെ ഉള്‍പ്പെടും. ഹോണ്ടയ്ക്ക് കൂടി ഓഹരി പങ്കാളിത്തമുള്ള കമ്പനിയായ തകാത്ത കോര്‍പറേഷന്‍ നിര്‍മിച്ചു നല്‍കിയ എയര്‍ബാഗുകളിലെ ഇന്‍ഫ്‌ളേറ്ററിന്റെ സാങ്കേതിക പിഴവാണ് ഈ പരിശോധനയ്ക്ക് അടിസ്ഥാനം.
ടൊയോട്ടയ്ക്കു പുറമെ ‘സുബാരു’ കാറുകളുടെ നിര്‍മാതാക്കളായ ഫ്യുജി ഹെവി ഇന്‍ഡസ്ട്രീസും മിറ്റ്‌സുബിഷി മോട്ടോഴ്‌സ് കോര്‍പറേഷനും ട്രക്ക് നിര്‍മാതക്കളായ ഹിനൊ മോട്ടോഴ്‌സും ചേര്‍ന്ന് 2.40 ലക്ഷത്തോളം വാഹനങ്ങളും ഇതേ കാരണത്താര്‍ തിരിച്ചുവിളിച്ചു പരിശോധിക്കുന്നുണ്ട്. ചൂട് സാഹചര്യങ്ങളില്‍ നേരിടേണ്ടി വന്നാല്‍ എയര്‍ബാഗിലെ ഇന്‍ഫ്‌ളേറ്റര്‍ സ്വയം പൊട്ടിത്തെറക്കാനുള്ള സാധ്യതയാണ് തകാത്ത കോര്‍പറേഷന്‍ ഉല്‍പന്നങ്ങളെ അപകടകാരികളാക്കുന്നത്. തകാത്ത നിര്‍മിച്ചു നല്‍കിയ എയര്‍ബാഗുകള്‍ പൊട്ടിത്തെറിച്ച് കുറഞ്ഞത് 16 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്കു വിവരങ്ങള്‍്; ഇതില്‍ കൂടുതലും യു എസിലാണ്. ഇതേത്തുടര്‍ന്ന് തകാത്ത എയര്‍ബാഗുകളുടെ സാന്നിധ്യത്തിന്റെ പേരില്‍ ലോകവ്യാപകമായി കോടിക്കണക്കിനു കാറുകളാണു വിവിധ നിര്‍മാതാക്കള്‍ തിരിച്ചുവിളിച്ചു പരിശോധിച്ചത്.
ഡ്രൈയിങ് ഏജന്റിന്റെ സാന്നിധ്യമില്ലാത്ത പക്ഷം തകാത്ത കോര്‍പറേഷന്‍ എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററായി ഉപയോഗിച്ചിരിക്കുന്ന അമോണിയം നൈട്രേറ്റ് അപകടകാരിയായി മാറുന്നെന്നാണു വിവിധ രാജ്യങ്ങളിലെ ട്രാന്‍സ്‌പോര്‍ട് അതോറിട്ടികള്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞത്. മാത്രമല്ല നിലവില്‍ കാറുകളില്‍ ഘടിപ്പിച്ചിട്ടുള്ള 10 കോടിയോളം എയര്‍ബാഗുകള്‍ മാറ്റണമെന്നും വിവിധ രാജ്യങ്ങള്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇത്തരത്തില്‍ വിവിധ രാജ്യങ്ങള്‍ നല്‍കിയ നിര്‍ദേശം പാലിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇപ്പോള്‍ 31 ലക്ഷത്തിലേറെ കാറുകള്‍ തിരിച്ചുവിളിക്കുന്നതെന്നാണു ടൊയോട്ട അടക്കമുള്ള ജാപ്പനീസ് നിര്‍മാതാക്കളുടെ വിശദീകരണം.