ഗവണ്മെന്റ് വാഹന ഫ്‌ളീറ്റിലേക്ക് ഇനി ടൊയോട്ടയുടെ സെഡാന്‍ വാഹനമായ യാരിസ് എത്തുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കുമായുള്ള ഗവണ്മെന്റ് ഇ മാര്‍ക്കറ്റ്‌പ്ലേസില്‍ യാരിസും ഇടംനേടി. ജെ ഗ്രേഡ് എന്ന വേരിയന്റാണ് ഇ മാര്‍ക്കറ്റ് പ്ലേസില്‍ എത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ഫ്‌ളീറ്റിലേക്ക് എത്തുന്ന യാരിസിന് 9.12 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. റെഗുലര്‍ ജെ വേരിയന്റിനെക്കാള്‍ 1.96 ലക്ഷം രൂപ ഈ പതിപ്പിന് കുറവുണ്ടെന്നാണ് സൂചന. വെള്ള നിറത്തില്‍ മാത്രമാണ് യാരിസിന്റെ ഈ പതിപ്പ് പുറത്തിറക്കുകയെന്നാണ് വിവരം. ഈ മാസം മുതല്‍ തന്നെ ഈ വാഹനം പോര്‍ട്ടലിലെത്തി തുടങ്ങും.
അടിസ്ഥാന വേരിയന്റാണെങ്കില്‍ പോലും കൂടുതല്‍ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റ്, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, മാനുവല്‍ എയര്‍ കണ്ടീഷന്‍, ഏഴ് എയര്‍ബാഗ്, എബിഎസ്-ഇബിഡി ഫീച്ചറുകള്‍ ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ഈ വാഹനം നിരത്തുകളിലെത്തുന്നത്. ഇത് 106 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന് ഒരുക്കുന്നത്.
ടൊയോട്ട പുറത്തിറക്കിയ മിഡ്-സൈസ് സെഡാനാണ് യാരിസ്. ജെ,ജി,വി എന്നീ മൂന്ന് വേരിയന്റുകളിലാണ് ഈ വാഹനം നിരത്തുകളിലെത്തുന്നത്.