ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെടുന്ന കാര്‍ ബ്രാന്‍ഡായി ടൊയോട്ട മോട്ടോര്‍സ്

ഗോളതലത്തില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെടുന്ന കാര്‍ ബ്രാന്‍ഡ് എന്ന പെരുമ നേടി ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍. ഗൂഗിളില്‍ നിന്നുള്ള വിവരം അടിസ്ഥാനമാക്കി വെയ്‌ഗൊ നടത്തിയ സര്‍വ്വേയിലാണ് 171 രാജ്യങ്ങളില്‍ 57 ഇടങ്ങളിലും ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെടുന്നത് ടൊയോട്ടയാണ്. 25 രാജ്യങ്ങളില്‍ ഒന്നാമതെത്തിയ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ബി എം ഡബ്ല്യുവിനാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. 23 രാജ്യങ്ങളില്‍ ആദ്യ സ്ഥാനത്തെത്തി ജര്‍മനിയില്‍ നിന്നു തന്നെയുള്ള ആഡംബര കാര്‍ ബ്രാന്‍ഡായ മെഴ്‌സീഡിസ് ബെന്‍സ് മൂന്നാമതെത്തി.

സര്‍വേയുടെ കണ്ടെത്തല്‍ പ്രകാരം ഓസ്‌ട്രേലിയ, യു എസ്, കാനഡ, മധ്യ പൂര്‍വ രാജ്യങ്ങള്‍, കിഴക്കന്‍ – മധ്യ, ദക്ഷിണ ആഫ്രിക്ക എന്നിവിടങ്ങളിലൊക്കെ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷനാണ് ആധിപത്യം. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലാണു മെഴ്‌സീഡിസ് ബെന്‍സിന് സ്വീകാര്യത.

റഷ്യയില്‍ ഏറ്റവുമധികം അന്വേഷിക്കപ്പെടുന്ന കാര്‍ ബ്രാന്‍ഡ് ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടേയ് മോട്ടോറാണ്. ചൈനയിലും നേര്‍വേയിലും ഹോളണ്ടിലുമൊക്കെ യു എസ് വൈദ്യുത കാര്‍ നിര്‍മാതാക്കളായ ടെസ്ലെയെക്കുറിച്ചറിയാനാണ് താല്‍പര്യമേറെ. ദക്ഷിണ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളിലാണ് ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ടയ്ക്ക് ആധിപത്യം.

അതേസമയം, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനും മെഴ്‌സീഡിസ് ബെന്‍സിനും മാത്രമല്ല ആഭ്യന്തര വിപണികളില്‍ ആരാധക പിന്തുണയുള്ളതെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.

Top