ഉപഭോക്താക്കൾക്കായി കോംപ്ലിമെന്ററി റോഡ്‌സൈഡ് അസിസ്റ്റൻസ് പ്രോഗ്രാമുമായി ടൊയോട്ട

പഭോക്താക്കൾക്കായി കോംപ്ലിമെന്ററി റോഡ്‌സൈഡ് അസിസ്റ്റൻസ് പ്രോഗ്രാം എന്ന വാഗ്‍ദാനവുമായി ടൊയോട്ട കിർലോസ്‍കർ മോട്ടോഴ്സ്. വാഹനം വാങ്ങുന്ന അന്ന് മുതൽ അഞ്ച് വർഷത്തേക്കാണ് ഈ പുതിയ ഓഫര്‍. ഉപഭോക്തൃ സംതൃപ്‍തി വർദ്ധിപ്പിക്കുന്നതിനും സമാനതകളില്ലാത്ത മനസമാധാനം പ്രദാനം ചെയ്യുന്നതിനുമായാണ് കമ്പനിയുടെ ശ്രദ്ധേയമായ ഈ ചുവടുവെയ്പ്പ്. ഉപഭോക്താക്കൾക്ക് തടസമില്ലാത്ത ഉടമസ്ഥത അനുഭവം ഉറപ്പുവരുത്തുക എന്ന പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയാണ് ടൊയോട്ട ആർഎസ്എ (റോഡ് സൈഡ് അസിസ്റ്റൻസ്) പ്രോഗ്രാമിലൂടെയെന്നും കേവലം ബ്രേക്ക്ഡൗൺ പിന്തുണ എന്നതിലുപരി ഓരോ ടൊയോട്ട ഉടമയ്ക്കും ഉറപ്പും സൗകര്യവും സുരക്ഷിതത്വ ബോധവും നൽകാനാണ് ആർഎസ്എയിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി പറയുന്നു.

വർഷങ്ങളായി, ഉപഭോക്താക്കൾ ടൊയോട്ടയുടെ ഉൽപ്പന്നങ്ങളെ മാത്രമല്ല സമയബന്ധിതവും സമാനതകളില്ലാത്തതുമായ റോഡ്സൈഡ് അസിസ്റ്റൻസുമടങ്ങുന്ന സേവനങ്ങളുടെ ലോകോത്തര നിലവാരം, സ്ഥിരത, വിശ്വാസ്യത എന്നിവയെയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതാണ്. അങ്ങനെ ഉപഭോക്തൃ അനുഭവം സമ്പന്നമാക്കുന്നതിനുള്ള കമ്പനിയുടെ നിരന്തരമായ പരിശ്രമത്തിന് അടിവരയുമിടുന്നു. 2010ൽ ആരംഭിച്ച ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ ആർഎസ്എ പ്രോഗ്രാം കമ്പനിയുടെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഉപഭോക്താക്കൾക്ക് അവരുടെ അടിയന്തര ആവശ്യങ്ങൾക്ക് ഉടനടി എവിടെയും സഹായ പിന്തുണ വാഗ്‍ദാനം ചെയ്യുന്നുവെന്നും കമ്പനി പറയുന്നു.

വാഹനത്തിന്റെ തകരാർ, അപകടത്തിൽപ്പെട്ട വാഹനം മാറ്റുന്നതിന് ആവശ്യമായ സഹായം എന്നിവയെല്ലാം പുതിയ വാഹന പാക്കേജിന്റെ ഭാഗമാണ്. വാഹനം ഓടിക്കാൻ പറ്റാത്ത അവസ്ഥയിലാണ് റോഡരികിലെങ്കിൽ, സർവീസ് ടീം അത്തരം വാഹനങ്ങൾ യഥാസമയം അടുത്തുള്ള ഡീലർഷിപ്പിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്നു. വാഹന പ്രശ്‌നങ്ങൾ പരിഹരിക്കുക, ഡെഡ് ബാറ്ററികൾക്കുള്ള ജമ്പ് സ്റ്റാർട്ട്, ടയർ പഞ്ചർ അറ്റകുറ്റപ്പണികൾ, കുറഞ്ഞ ഇന്ധന നിലയിലോ വാഹനത്തിന്റെ പ്രധാന പ്രശ്‌നങ്ങളിലോ സഹായം, കൂടാതെ 50 കിലോമീറ്റർ വരെ ദൂരത്തേക്ക് ടാക്സികൾ ക്രമീകരിക്കുക എന്നിവയും പുതിയ റോഡ് സൈഡ് അസിസ്റ്റൻസിന്റെ ഭാഗമാണ്.

ഉപഭോക്താക്കൾക്ക് അധിക ചിലവില്ലാതെ അഞ്ച് വർഷത്തേക്ക് (പുതിയ വാഹനം വാങ്ങുന്ന തീയതി മുതൽ) റോഡ്‌സൈഡ് അസിസ്റ്റൻസ് പ്രോഗ്രാം മെച്ചപ്പെടുത്തുന്നതിൽ സന്തുഷ്ടരാണെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്സിന്റെ സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് അതുൽ സൂദ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Top