tp case-CBI

ന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചന ഉടന്‍ തന്നെ സിബിഐക്ക് കൈമാറിയേക്കും.

കേരളത്തിലെ ആര്‍എസ്എസ് ബിജെപി നേതൃത്വങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ ഒരുങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കാന്‍ ചന്ദ്രശേഖരന്‍ വധക്കേസ് സജീവമാക്കി നിര്‍ത്തേണ്ടത് ഇപ്പോള്‍ സംഘപരിവാറിന്റെയും ആവശ്യമായി മാറിയിരിക്കുകയാണ്.

കതിരൂര്‍ മനോജ് വധകേസില്‍ ആര്‍എസ്എസിന്റെ ബദ്ധവൈരിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ജയിലില്‍ കിടക്കാതെ തന്നെ ജാമ്യം പെട്ടെന്ന് ലഭിച്ചതാണ് ടി പി കേസില്‍ പിടിമുറുക്കാന്‍ ആര്‍എസ്എസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.

ചികിത്സയുടെ പേരില്‍ ജയില്‍വാസമൊഴിവാക്കാന്‍ ജയരാജന്‍ നാടകം കളിക്കുകയായിരുന്നുവെന്നും സിബിഐയിലെ ചില മലയാളികളായ ഉദ്യോഗസ്ഥര്‍ ഗൗരവത്തോടെ കേസിനെ സമീപിച്ചില്ലെന്നുമുള്ള ആക്ഷേപവും ആര്‍എസ്എസിനുണ്ട്.

സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പി ജയരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ സിബിഐ തയ്യാറെടുക്കുകയാണ്. യുഎപിഎ നിയമപ്രകാരം അറസ്റ്റിലായ ജയരാജന്‍ പുറത്തിറങ്ങി നടന്നാല്‍ തെളുവുകള്‍ നശിക്കുമെന്നാണ് സംഘപരിവാറിന്റെ ആരോപണം.

കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശമായ വടകരയില്‍ സഹോദരിയുടെ വീട്ടില്‍ ജയരാജന്‍ തമ്പടിക്കുന്നത് കേസ് അട്ടിമറിക്കാനാണെന്നാണ് വാദം.മുന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ടിപി ചന്ദ്രശേഖരന്റെ വധത്തിന്റെ ആസൂത്രണത്തിലും ജയരാജന്‍ ഉള്‍പ്പെടെ സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിന്റെ അറിവുണ്ടെന്നാണ് ചന്ദ്രശേഖരന്റെ വിധവയായ കെ കെ രമയും ആര്‍എംപിയും ആരോപിക്കുന്നത്.

ഈ വാദം ഉള്‍ക്കൊണ്ടാണ് ഇപ്പോള്‍ ആര്‍എസ്എസ്ബിജെപി നേതൃത്വവും ശക്തമായി സിബിഐ അന്വേഷണത്തിനായി പിടിമുറുക്കിയിട്ടുള്ളത്.നേരത്തെ ഇത് സംബന്ധമായി കേരള സര്‍ക്കാര്‍ നല്‍കിയിയ ശുപാര്‍ശ യുപിഎ ഭരണകാലത്ത് സിബിഐ തള്ളിയിരുന്നു.

എന്നാല്‍ സിബിഐ അന്വേഷണം വേണമെന്ന് വീണ്ടും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതും, കെ കെ രമ പ്രധാനമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതുമാണ് ഇപ്പോള്‍ പേഴ്‌സണല്‍ മന്ത്രാലയം പരിശോധിക്കുന്നത്. സിബിഐ അന്വേഷണം സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ജിതേന്ദ്ര സിംങ് വ്യക്തമാക്കിയിട്ടുള്ളത്.

സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയാണെങ്കില്‍ അന്വേഷണ തലപ്പത്ത് നിന്ന് മലയാളികളായ സിബിഐ ഓഫീസര്‍മാരെ മാറ്റി നിര്‍ത്താനാണ് സാധ്യത. സിപിഎം ‘സമ്മര്‍ദ്ദം’ ഒഴിവാക്കാനാണിതത്രെ.

സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുകയും ഇടതുപക്ഷം അധികാരത്തില്‍ വരികയും ചെയ്താല്‍ ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍ പീഡിപ്പിക്കപ്പെടുമെന്ന ‘യാഥാര്‍ത്ഥ്യം’ കൂടി കണ്ട് ഒരുമുഴം മുന്‍പേയുള്ള നടപടിയായിട്ടാണ് ടി പി കേസിലെ സിബിഐ അന്വേഷണ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

എന്നാല്‍ ഒരിക്കല്‍ സിബിഐ നിരാകരിച്ച അന്വേഷണം തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും കുത്തിപ്പൊക്കുന്നത് സിപിഎമ്മിനെ വേട്ടയാടാനാണെന്ന് ചൂണ്ടിക്കാണിച്ച് തിരിച്ചടിക്കാനാണ് പാര്‍ട്ടി തീരുമാനം.

Top