ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിചാരണ കോടതി വിധി ശരിവച്ച് ഹൈക്കോടതി. ഒന്നു മുതല്‍ 8 വരെയുള്ള പ്രതികളുടെ ശിക്ഷയാണ് ശരി വച്ചത്. രണ്ട് പ്രതികളെ വെറുതെ വിട്ട നടപടി റദ്ദാക്കി. കെ കെ കൃഷ്ണന്‍ ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട നടപടിയാണ് റദ്ദാക്കിയത്.
പ്രതികള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്തു പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം. 2012 മേയ് 4നാണ് ആര്‍എംപി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്. സിപിഎം വിട്ട് ഒഞ്ചിയത്ത് ആര്‍എംപി എന്ന പാര്‍ട്ടിയുണ്ടാക്കിയതിന്റെ പക തീര്‍ക്കാന്‍ സിപിഎമ്മുകാരായ പ്രതികള്‍ ഗൂഢാലോചന നടത്തി ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.എഫ്‌ഐആറില്‍ കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ലെന്നും, പലരെയും കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പ്രതികളുടെ വാദം. അതേ സമയം കൊലപാതകത്തിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും സിപിഎം നേതാവും നിലവില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി മോഹനനെ അടക്കം വെറുതെവിട്ട നടപടി റദ്ദാക്കണമെന്നാണ് കെ കെ രമ എം എല്‍ എയുടെ ആവശ്യം. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഎം നേതാവായ പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വിട്ടയച്ചിരുന്നു.
ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ അപ്പീലുകളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ശിക്ഷ വിധി ചോദ്യം ചെയ്ത് പ്രതികളും പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും, സിപിഎം നേതാവ് പി മോഹനന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ കെ രമ യും നല്‍കിയ അപ്പീലുകളില്‍ ആണ് ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധി പറഞത്.