കോഴിക്കോട്: കട്ടിപ്പാറയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ കാര്യക്ഷമമായി തന്നെ പുരോഗമിക്കുന്നുണ്ടെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍.
ദുരന്തത്തിനിരയായവര്‍ക്ക് ഫലപ്രദമായ സഹായം ലഭ്യമാക്കണം. വീട് വെച്ചുകൊടുക്കുന്നതിനും സ്ഥലം നല്‍കുന്നതിനും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കണം. ഇക്കാര്യത്തില്‍ കാലഹരണപ്പെട്ട രീതികളാണ് നിലവിലുള്ളത്. അത് കുറേക്കൂടി മെച്ചപ്പെടുത്തി നല്‍കുമെന്നും മന്ത്രി അറിയിച്ചു. കട്ടിപ്പാറ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഉരുള്‍ പൊട്ടലില്‍ കട്ടിപ്പാറ കരിഞ്ചോലയില്‍ കാണാതായവരെ കണ്ടെത്താനായി ഇന്നും തിരച്ചില്‍ ആരംഭിച്ചു. സന്നദ്ധ പ്രവര്‍ത്തകരെ വിവിധ സ്‌ക്വാഡുകളായി തിരിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയത്. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്തെത്തിയിട്ടുണ്ട്.
ഇതുവരെ എട്ടു പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഒരു കുടുംബത്തിലെ ആറു പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. ഉരുള്‍ പൊട്ടലില്‍ ഇന്നലെ ഒരു കുട്ടിയുടെ മൃതദേഹം കൂടി കിട്ടിയിരുന്നു. മരിച്ച എട്ടുപേരില്‍ നാലും കുട്ടികളാണ്.