കേരളത്തില്‍ ജാതി- മത വ്യത്യാസങ്ങളില്ല, എല്ലാവര്‍ക്കും ജോലി; ടി.പി രാമകൃഷ്ണന്‍

TP Ramakrishnan

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ അത്തരം വേര്‍തിരിവ് കാണിക്കില്ലെന്ന പ്രതികരണവുമായി മന്ത്രി ടി.പി രാമകൃഷ്ണന്‍. ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞ് സംസ്ഥാനത്ത് ആര്‍ക്കും ജോലി നഷ്ടമാകില്ലെന്നും കേരളത്തില്‍ എല്ലാവര്‍ക്കും ജോലി ചെയ്യാന്‍ അവകാശമുണ്ടാകുമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

മാത്രമല്ല ഇന്ത്യന്‍ പൗരനെന്ന നിലയില്‍ രാജ്യത്ത് എവിടെയും സഞ്ചരിക്കാനും തൊഴിലെടുക്കാനും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്തര്‍ദേശീയ കുടിയേറ്റ തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘തൊഴിലാളി ക്ഷേമ നടപടികളില്‍ കേരളത്തെ മറികടക്കാന്‍ രാജ്യത്തെ ഒരു സംസ്ഥാനത്തിനുമാകില്ല. ഏറ്റവും ഉയര്‍ന്ന മിനിമം വേതനമുള്ള സംസ്ഥാനമാണ് കേരളം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളെ അതിഥികളായാണ് കേരളം സ്വീകരിച്ചത്. പല സംസ്ഥാനങ്ങളും ഭാഷയുടെയും വംശത്തിന്റെയും ദേശത്തിന്റെയുമെല്ലാം പേരില്‍ കുടിയേറ്റത്തൊഴിലാളികളെ മാറ്റി നിര്‍ത്തുമ്പോള്‍ കേരളം അവരെ അതിഥികളായി വരവേല്‍ക്കുകയാണ്’ മന്ത്രി പറഞ്ഞു.

Top