തിരുവനന്തപുരം : ഭവനരഹിതരായ തോട്ടം തൊഴിലാളികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതും ലൈഫ് പദ്ധതിയുടെ ഭാഗമാക്കണമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ തൊഴില്‍ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 32,454 തോട്ടം തൊഴിലാളികള്‍ ഭൂമിയോ വീടോ ഇല്ലാത്തവരാണെന്നു തൊഴില്‍ വകുപ്പ് നടത്തിയ സര്‍വെയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതില്‍ ചെറിയൊരു ഭാഗം മാത്രമേ ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായി വന്നിട്ടുള്ളൂ. ബാക്കിയുള്ളവര്‍ക്കു കൂടി ഭൂമിയും വീടും ലഭ്യമാക്കണം. വീട് വയ്ക്കാന്‍ ഭൂമിയില്ലാത്തവര്‍ക്കു തോട്ടം ഉടമകള്‍ ഭൂമി നല്‍കണമെന്നാണു സര്‍ക്കാരിന്റെ നിലപാട്. ഭൂമി ലഭ്യത കുറവുള്ള സ്ഥലങ്ങളില്‍ ടൗണ്‍ഷിപ്പ് മാതൃകയില്‍ വീട് നിര്‍മിച്ചു നല്‍കുന്നതിനാണു തൊഴില്‍ വകുപ്പ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മാണത്തിന് സംസ്ഥാനത്തെ ഐ.ടി.ഐ. വിദ്യാര്‍ഥികളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നു മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഓരോ പ്രദേശത്തെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. പ്രളയത്തില്‍ അകപ്പെട്ട വീടുകളുടെ വയറിങ്, ഫര്‍ണിച്ചര്‍ തുടങ്ങിയവ പൂര്‍വസ്ഥിതിയിലെത്തിക്കുന്നതിന് സംസ്ഥാനത്തെ ഐ.ടി.ഐ വിദ്യാര്‍ഥികള്‍ നല്‍കിയ പങ്ക് നിസ്തുലമാണെന്നും മന്ത്രി വ്യക്തമാക്കി.