തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.
നഴ്‌സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കും. സ്വകാര്യ ആശുപത്രി മേഖലയിലെ കൂലി പുതുക്കി നിശ്ചയിക്കുന്നതിനായുള്ള കമ്മിറ്റിയുടെ കാലാവധി നീട്ടിനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
50 ബെഡുകള്‍ക്ക് താഴെയുള്ള ആശുപത്രികളില്‍ മിനിമം വേതനം 20,000 രൂപയാക്കണമെന്നു ശുപാര്‍ശകള്‍ ലഭിച്ചിട്ടുണ്ട്. ഈ ശുപാര്‍ശകള്‍ പരിഗണിച്ച ശേഷം ആവശ്യമായ എന്തെല്ലാം മാറ്റം വരുത്തണോ അതെല്ലാം ചെയ്യും.
ആശുപത്രികളിലെ സാഹചര്യം പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തും. നഴ്‌സുമാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും. അവരുടെ ജീവിതസാഹചര്യങ്ങള്‍ മാറ്റം വരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.
നിലവില്‍ ബി.എസ്.സി നഴ്‌സിംഗ് പഠിച്ചിറങ്ങിയ ഒരു നഴ്‌സിന് ലഭിക്കുന്ന മിനിമം വേതനം 11,747 രൂപയാണ്. ഇതു തീര്‍ത്തും അപര്യാപ്തമാണ്. ഇത് ഉയര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ സമയബന്ധിതമായി പരിശോധിച്ച് നടപടിയെടുക്കും.