നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് ;നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

TP RAMAKRISHNAN

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് പ്രശ്‌ന പരിഹാരത്തിന് ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍.

വേതന വര്‍ദ്ധനവ് സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. അഭിപ്രായ സമന്വയത്തിലൂടെ വേതന വര്‍ദ്ധനവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രി വ്യവസായബന്ധ സമിതിയെ സ്വകാര്യ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് നിര്‍ദേശം തയ്യാറാക്കി സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തി.

ഇവര്‍ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മിനിമം വേജസ് അഡ്വൈസറി ബോര്‍ഡ് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുന്ന മുറയ്ക്ക് എത്രയും വേഗം നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ജീവനക്കാരുടെ ജീവിത സാഹചര്യം, കുറഞ്ഞ വേതനം, തുല്യ ജോലിക്ക് തുല്യ വേതനം എന്നീ മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ച് വേതന വര്‍ദ്ധനവ് നടപ്പിലാക്കുന്ന കാര്യത്തില്‍ അഭിപ്രായ സമന്വയത്തിലെത്താന്‍ ആശുപത്രി മാനേജുമെന്റുകള്‍ മുന്‍കൈ എടുക്കണം.

വിഷയം രമ്യമായി പരിഹരിക്കാന്‍ മാനേജ്‌മെന്റുകളും ജീവനക്കാരുടെ സംഘടനകളും സര്‍ക്കാരുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ആശുപത്രികളില്‍ ജീവനക്കാരുടെ സേവനം ഏറ്റവും ആവശ്യമായിട്ടുള്ള സാഹചര്യത്തില്‍ പ്രക്ഷോഭ പരിപാടികള്‍ മാറ്റി വച്ച് ജീവനക്കാരും മാനേജ്‌മെന്റുകളും സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്നും മന്ത്രി വ്യക്തമാക്കി.

Top