ബ്രൂവറി ലൈസന്‍സില്‍ വിശദീകരണവുമായി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍

TP Ramakrishnan

തിരുവനന്തപുരം: ബ്രൂവറിയില്‍ വിശദീകരണവുമായി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ബ്രൂവറിക്ക് അനുമതി നല്‍കി എന്നതിന്റെ അര്‍ത്ഥം ലൈസന്‍സ് നല്‍കി എന്നല്ലെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ വരുമാനവും തൊഴില്‍ സാധ്യതയും മാത്രമാണ് ആലോചിച്ചതെന്നും മന്ത്രി പറഞ്ഞു.

വിഎസ് ഉന്നയിച്ച ആശങ്ക പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

അതേസമയം, എലപ്പുള്ളിയില്‍ ബ്രൂവറിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത് കേന്ദ്രഭൂഗര്‍ഭ ജലവകുപ്പിന്റെ കണ്ടെത്തലുകള്‍ പരിഗണിക്കാതെയെന്ന് വെളിപ്പെടുത്തല്‍. അപകടകരമായ രീതിയില്‍ ജലനിരപ്പ് താഴുന്നുവെന്ന് വകുപ്പ് കണ്ടെത്തിയ സ്ഥലത്താണ് വര്‍ഷം പത്ത് കോടി ലിറ്റര്‍ ആവശ്യമായ വ്യവസായത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇത്തരം പ്രദേശങ്ങളില്‍ വെളളം ഉപയോഗിച്ച് കൊണ്ടുളള വ്യവസായങ്ങള്‍ പാടില്ലെന്ന വകുപ്പിന്റെ നിര്‍ദ്ദേശവും തള്ളിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

എലപ്പുള്ളിയില്‍ ബ്രൂവറിയ്ക്ക് അനുമതി നല്‍കിയത് ആശങ്കാജനമെന്നാണ് വിഎസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടത്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശമാണിതെന്നും ഭൂഗര്‍ഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ച സ്ഥലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വി.എസിന്റെ പ്രതികരണത്തെ സ്വാഗതം ചെയ്ത് വി.ടി ബല്‍റാം എംഎല്‍എ രംഗത്തു വന്നു. അല്‍പം വൈകിയാണെങ്കിലും ശക്തമായ നിലപാടാണ് വി.എസ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ബല്‍റാം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

Top