ന്യൂഡല്‍ഹി: കേരള പൊലീസ് മോധാവി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിക്കുന്ന ഡി ജി പി സെന്‍കുമാര്‍ ലംഘിച്ചത് സുപ്രീം കോടതിയുടെ മുന്‍ നിര്‍ദ്ദേശങ്ങളെന്ന് ആരോപണം.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി അംഗീകരിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ ഇപ്പോള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ സെന്‍കുമാറിനെ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ തെറിപ്പിക്കുകയായിരുന്നു.
ജിഷ കൊലക്കേസ്, പുറ്റിങ്ങള്‍ വെട്ടിക്കെട്ട് അപകടം തുടങ്ങി ക്രമസമാധാന ചുമതലയിലെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം. ഈ വാദമാണ് ഹൈക്കോടതി അംഗീകരിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ സുപ്രീം കോടതിയില്‍ സെന്‍കുമാര്‍ സമര്‍പ്പിച്ച അപ്പീലില്‍ തന്റെ കാലത്ത് ഒരു രാഷ്ട്രീയ കൊലപാതകം മാത്രമാണ് കണ്ണൂര്‍ ജില്ലയില്‍ നടന്നതെന്നും തന്നെ മാറ്റിയ ശേഷം ഒന്‍പത് കൊലപാതകങ്ങള്‍ നടന്നതായും ചൂണ്ടികാട്ടിയിട്ടുണ്ട്.
ടി.പി.ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം തുടങ്ങിയ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടത്തിയ സത്യസന്ധമായ അന്വേഷണം കാരണമാണ് പ്രതികാര നടപടിയുണ്ടായതെന്നും. കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി. ജയരാജന്റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചതുകൊണ്ടാണു തന്റെ ഔദ്യോഗിക ജീവിതം തകര്‍ത്തതെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു.
തന്റെ നടപടി സിപിഎം കേന്ദ്രങ്ങളെ വലിയ തോതില്‍ ഭയപ്പെടുത്തിയിരുന്നു. സ്ഥലംമാറ്റ കാലാവധി പൂര്‍ത്തിയാക്കാത്ത ഒട്ടേറെ പൊലീസുകാരെ പിണറായി വിജയന്‍ അധികാരമേറ്റശേഷം സ്ഥലം മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭാവനാപരമായ ഉയര്‍ച്ച ഹര്‍ജികളില്‍ പാടില്ലന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന് വിരുദ്ധമായാണ് കതിരൂര്‍ മനോജ്, ഷുക്കൂര്‍, ടി പി വധ കേസുകള്‍ അപ്പീലില്‍ കൂട്ടി ചേര്‍ത്തതെന്ന ആക്ഷേപമാണ് ഒരുവിഭാഗം നിയമ വിദഗ്ദര്‍ ഉയര്‍ത്തുന്നത്. നേരത്തെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യം ഉന്നയിക്കാത്തത് ചൂണ്ടികാട്ടിയാണ് വിമര്‍ശനം.
അതേസമയം മതിയായ കാരണങ്ങളില്ലാതെ രണ്ട് വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് ക്രമസമാധാന ചുമതലയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്ന സുപ്രീം കോടതി വിധി അട്ടിമറിച്ചാണ് തന്നെ സ്ഥലം മാറ്റിയതെന്ന സെന്‍കുമാറിന്റെ വാദം സുപ്രീം കോടതി അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. കേസില്‍ കേന്ദ്രത്തിന്റെ നിലപാടും നിര്‍ണ്ണായകമാകും.
സെന്‍കുമാറിന്റെ ഹര്‍ജി ഗൗരവമായി കണ്ട് എതിര്‍ സത്യവാങ്മൂലം തയ്യാറാക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. സെന്‍കുമാറിന് അനുകൂലമായ വിധിയുണ്ടായാല്‍ അത് വന്‍ തിരിച്ചടിയാകുമെന്ന് കണ്ടാണിത്.
സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നത് ജൂണിലില്‍ ആയതിനാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് നേരത്തെ എടുപ്പിക്കാനാണ് സെന്‍കുമാറിന്റെ അഭിഭാഷകന്റെ ശ്രമം.
ആര്‍ എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസ് സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലില്‍ ചൂണ്ടി കാണിച്ചത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പോലെ തന്നെ കക്ഷിയായ കേന്ദ്ര സര്‍ക്കാറിനെ ‘നോട്ട’ മിട്ടാണെന്ന വിമര്‍ശനവും ഉയര്‍ന്ന് കഴിഞ്ഞു.
അപമാനിച്ച് ഇറക്കിവിട്ടതിനാല്‍ തിരിച്ച് ഒരു ദിവസമെങ്കിലും സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തിരുന്ന് വിരമിക്കണമെന്ന വാശിയിലാണ് സെന്‍കുമാര്‍. അതുകൊണ്ട് തന്നെയാണ് തന്നെ മാറ്റിയതിന് ശേഷം നടന്ന കൊലപാതകങ്ങളുടെ എണ്ണമടക്കം അദ്ദേഹം സുപ്രീം കോടതി മുന്‍പാകെ അവതരിപ്പിച്ചിരിക്കുന്നത്.
2006 സെപ്തംബര്‍ 26നാണ് ക്രമസമാധാന ചുമതലയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥരെ 2 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് മതിയായ കാരണങ്ങളില്ലാതെ മാറ്റരുതെന്ന് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നത്.
‘മതിയായ കാരണമില്ല’ എന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ സെന്‍കുമാറിന്റെ അഭിഭാഷകനു കഴിഞ്ഞാല്‍ അത് രാജ്യത്തെ തന്നെ ശ്രദ്ധേയമായ വിധിയിലേക്ക് കാര്യങ്ങള്‍ എത്തിക്കും.
അത്തരമൊരു സാഹചര്യം സംസ്ഥാന സര്‍ക്കാറിന് തിരിച്ചടിയായിരിക്കുമെന്ന് മാത്രമല്ല നിലവിലെ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റയ്ക്ക് സെന്‍കുമാറിന്റെ റിട്ടയര്‍മെന്റ് വരെ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യവും സൃഷ്ടിക്കും.
മേലില്‍ നടക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തില്‍ കേരളത്തിന് മാത്രമല്ല രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അത്തരമൊരു വിധി നിര്‍ണ്ണായകമായിരിക്കുമെന്നതിനാല്‍ കേന്ദ്ര സര്‍ക്കാറിനും അതീവ ഗൗരവത്തോടെ മാത്രമേ ഈ ഹര്‍ജിയെ കാണാന്‍ സാധിക്കൂ എന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടി കാട്ടുന്നത്.