തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് തെറിക്കപ്പെട്ട ടി.പി. സെന്‍കുമാര്‍ കോടതിയെ സമീപിക്കുമെന്ന് സൂചന.
ഐ.എ.എസ് – ഐ.പി.എസ് ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍വ്വീസിലെ ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കുന്ന സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണില്‍ സെന്‍കുമാര്‍ ഹര്‍ജി നല്‍കുമെന്നാണ് അറിയുന്നത്.
ക്രമസമാധാന ചുമതലയിലുള്ള ഉദ്യോഗസ്ഥരെ മതിയായ കാരണമില്ലാതെ രണ്ട് വര്‍ഷം കഴിയുന്നതിന് മുന്‍പ് സ്ഥലം മാറ്റരുതെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നീക്കം.
സെന്‍കുമാറിന് ഇനി 2017 ജൂണ്‍ വരെയാണ് സര്‍വ്വീസ് ബാക്കിയുള്ളത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണെങ്കില്‍ വിരമിക്കുന്നതുവരെ ആ തസ്തികയില്‍ സെന്‍കുമാറിന് തുടരാമെന്നും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ ഒരു വീഴ്ചയും അദ്ദേഹം വരുത്തിയിട്ടില്ലെന്നുമാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചതിന് ശേഷം സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കാനാണ് നീക്കം. ഇങ്ങനെ വന്നാല്‍ അത് തന്റെ വാദത്തിന് ശക്തി പകരുന്നതും സര്‍ക്കാരിനുള്ള മധുരമായ തിരിച്ചടിയാകുമെന്നുമാണ് സെന്‍കുമാര്‍ കരുതുന്നത്.
വാശി പിടിച്ച് ഒരു പദവിയിലുമിരിക്കാനില്ലെന്നും സെന്‍കുമാര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.തന്നെ ഇഷ്ടമല്ലെങ്കില്‍ സര്‍ക്കാരിന് മാന്യമായി പറയാമായിരുന്നു. സര്‍ക്കാരിന് ഇഷ്ടമില്ലാതെ തല്‍സ്ഥാനത്ത് തുടരില്ല. പദവിയില്‍ നിന്ന് നീക്കുന്നതില്‍ സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ കോടതിയെ സമീപിക്കാനാണ് സെന്‍കുമാറിന്റെ നീക്കമെങ്കില്‍ ജിഷ കൊല കേസുള്‍പ്പെടെ സംസ്ഥാനത്ത് നടന്ന കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സെന്‍കുമാറിനെ കോടതിയില്‍ പ്രതിരോധിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. എടുത്ത തീരുമാനം പുനഃപരിശോധിക്കുന്ന പ്രശ്‌നമേ ഇല്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
അതേ സമയം സംസ്ഥാന പൊലീസ് മേധാവി തന്നെ തെറിച്ച സ്ഥിതിക്ക് കൊല്ലത്തെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ടും, ജിഷ കൊലക്കേസുമായി ബന്ധപ്പെട്ടും ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ഇവരെ തല്‍സ്ഥാലത്ത് നിന്ന് മാറ്റിയിട്ടുണ്ടെങ്കിലും ഒരു ശിക്ഷാ നടപടിയും ഇതുവരെ സ്ഥീകരിച്ചിരുന്നില്ല.