കണ്ണൂര്‍: സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിവിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സുപ്രീം കോടതിയുടെ പൂര്‍ണ വിധിപ്പകര്‍പ്പ് ലഭിച്ചുകഴിഞ്ഞാല്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യം നിയമവാഴ്ചയുള്ള രാജ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
”സുപ്രീം കോടതി സുപ്രീം കോടതിയാണ്, നമ്മുടെ രാജ്യം നിയമവാഴ്ചയുള്ള രാജ്യമാണ്. സര്‍ക്കാര്‍ തീരുമാനിക്കുന്ന നടപടികളില്‍ നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കാനാണ് കോടതികളുള്ളത്. ഭരണരംഗത്തുള്ള നടപടികള്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നവയുണ്ടാകും. ഭരണരംഗത്തുള്ളവയില്‍ തന്നെ നിയമപരമായ നടപടികളാണ് കോടതികള്‍ പരിശോധിക്കുന്നത്. ഇവിടെ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ വിധി വന്നിട്ടുണ്ട്. നേരത്തെ ഡിജിപി സ്ഥാനത്തുണ്ടായിരുന്നയാള്‍ കൊടുത്ത ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതിവിധി. വിധിയുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്നുതന്നെ വിധിയുടെ പൂര്‍ണരൂപം ലഭിക്കുമെന്നാണ് കരുതുന്നത്. ഇതു ലഭിച്ചുകഴിഞ്ഞാല്‍ നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യും” മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കോടതിവിധി സ്വഭാവിക നടപടിക്രമം മാത്രമാണെന്ന് ഇപ്പോഴത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. ഞങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്, ചിലപ്പോള്‍ സ്ഥാനമാറ്റങ്ങള്‍ ഉണ്ടാകും. ഇതെല്ലാം സര്‍ക്കാര്‍ സര്‍വീസില്‍ സ്വാഭാവികമാണ് ബെഹ്‌റ പറഞ്ഞു.