സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് തന്നെ പുനര്‍ നിയമിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കാത്തതിനെതിരെ ടി പി സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.

ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെയാണ് സെന്‍കുമാര്‍ ഹര്‍ജി നല്‍കിയത്.

പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനു പിന്നില്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ണായക പങ്കുണ്ടെന്നും പുനര്‍നിയമനം വൈകിപ്പിക്കാന്‍ അവര്‍ ഇടപെടുമെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ പറയുന്നു.

സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കാന്‍ വൈകിയ കര്‍ണാടക ചീഫ് സെക്രട്ടറിക്ക് ഒരുമാസത്തെ തടവുശിക്ഷ നല്‍കിയ കാര്യവും ഹര്‍ജിയില്‍ സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കോടതി ഉത്തരവ് ഉടന്‍ നടപ്പിലാക്കാന്‍ നിര്‍ദേശിക്കണമെന്നും നഷ്ടപ്പെട്ട കാലാവധി നീട്ടിനല്‍കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍.

Top