തിരുവനന്തപുരം: കാക്കിക്കു മുന്നില്‍ മുട്ടുമടക്കാതെ ചുവപ്പിന്റെ വാശി.
ഡിജിപി ടി പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതെ വിധിയിലെ ‘സാങ്കേതികത്വം’ ചൂണ്ടിക്കാട്ടി ബുധനാഴ്ച സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനാണ് നീക്കം.
നിലവിലെ പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റ, ശങ്കര്‍ റെഡ്ഡി, ജേക്കബ് തോമസ് എന്നിവരുടെ നിയമന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നതാണ് പ്രധാന ആവശ്യം
ജൂണ്‍ 30ന് സെന്‍കുമാര്‍ വിരമിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ‘തടസ്സ’ വാദങ്ങളുമായി സര്‍ക്കാര്‍ രംഗത്ത് വരുന്നതെന്നതും ശ്രദ്ധേയമാണ്.
മധ്യവേനലവധിക്കായി 10ന് കോടതി അടക്കും. തീരുമാനം നീണ്ടു പോയാല്‍ സെന്‍കുമാറിന് തിരിച്ചടിയാകും.
എന്നാല്‍ കോര്‍ട്ടലക്ഷ്യ നടപടി സ്വീകരിക്കാന്‍ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാറിന് തിരിച്ചടി നേരിട്ടാല്‍ ചീഫ് സെക്രട്ടറി ജയിലില്‍ പോകേണ്ട സാഹചര്യം വരെ ഉണ്ടാവുകയും ചെയ്യും.
തനിക്ക് നഷ്ടപ്പെട്ട കാലാവധി തിരിച്ചു തരണമെന്ന സെന്‍കുമാറിന്റെ അപേക്ഷ സുപ്രീം കോടതി പരിഗണിച്ചാല്‍ സര്‍ക്കാറിനെ സംബന്ധിച്ച് ഇരുട്ടടിയാകുമത്.
കഴിഞ്ഞയാഴ്ചയാണ് സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരികെ നിയമിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. സെന്‍കുമാറിനെ പൊലീസ് മേധാവിയായി യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചതു ക്രമവിരുദ്ധമായാണെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ നടപടി അന്യായവും തോന്നുംപടിയുള്ളതുമാണെന്നു കോടതി വിലയിരുത്തുകയായിരുന്നു.
തന്നെ പൊലീസ് മേധാവിസ്ഥാനത്തുനിന്നു മാറ്റിയ നടപടിയെ ആദ്യം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിലാണ് സെന്‍കുമാര്‍ ചോദ്യം ചെയ്തത്. അനുകൂല വിധി ലഭിക്കാത്തതിനാല്‍ ഹൈക്കോടതിയെ സമീപിച്ചു. അവിടെയും ഫലം പ്രതികൂലമായപ്പോഴാണു സുപ്രീം കോടതിയെ സമീപിച്ചത്.
സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.