റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലി തടയാന്‍ അപേക്ഷ; വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി തടയണമെന്ന അപേക്ഷയില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. ഡല്‍ഹി പൊലീസാണ് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. ക്രമസമാധാനപ്രശ്‌നങ്ങള്‍ പൊലീസിന്റെ വിഷയമാണെന്നും, അത്തരത്തില്‍ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ടല്ലോ എന്നും സുപ്രീംകോടതി ഡല്‍ഹി പൊലീസിനോട് പറഞ്ഞു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. റിപ്പബ്ലിക് ദിനത്തിന് പിറ്റേന്ന് ഇനി കേസ് പരിഗണിക്കും.

അങ്ങനെയെങ്കില്‍ ഈ വിഷയത്തില്‍ ഇടപെടുന്നില്ല എന്നത് ഉത്തരവില്‍ എഴുതി നല്‍കാമോ എന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ചോദിച്ചു. അങ്ങനെയെങ്കില്‍ അത് പൊലീസിന്റെ ‘കരങ്ങളെ ശക്തമാക്കുമെന്നും’ അറ്റോര്‍ണി ജനറല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് ‘നിയമത്തിന്റെ ശക്തി തന്നെ’ മതിയാകുമെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി. ഇക്കാര്യത്തില്‍ ഒരു ഉത്തരവ് നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. വാക്കാല്‍ പരാമര്‍ശം മാത്രമാണ് ഇക്കാര്യത്തില്‍ നടത്തിയിരിക്കുന്നത്.

Top