കർഷക പ്രതിഷേധം കത്തുന്നു; ഇന്ത്യ ഗേറ്റിന് സമീപം ട്രാക്ടറിന് തീയിട്ടു

ഡൽഹി : പുതിയ കർഷക ബില്ലിൽ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് ഒപ്പു വെച്ചതോടെ കർഷകരുടെ പ്രതിഷേധം ശക്തമാകുന്നു. ഡൽഹി ഇന്ത്യാഗേറ്റിന് മുന്നിൽ ട്രാക്ടർ കത്തിച്ച് കർഷകർ പ്രതിഷേധിച്ചു. ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയിലാണ് പ്രതിഷേധം നടന്നത്.  രാഷ്ട്രപതി ഭവന് 1.5 കിലോ മീറ്റർ അകലെ രാവിലെയായിരുന്നു സംഭവം. ലോറിയിൽ കൊണ്ടുവന്ന ട്രാക്ടറാണ് കത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. പൊലീസ് പെട്ടെന്ന് തന്നെ അവശിഷ്ടങ്ങൾ നീക്കി. സംഭവത്തില്‍ പൊലീസിന്റെ വീഴ്ച പരിശോധിക്കുകയാണ്.  പ്രതിഷേധക്കാര്‍ കോണ്‍ഗ്രസ് അനുകൂല മുദ്രാവാക്യമാണ് മുഴക്കിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

കർഷക വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കർണാടകയിൽ സംസ്ഥാന വ്യാപക ബന്ദ്. കേന്ദ്രസർക്കാർ പുതിയ കാർഷിക ബില്ലുകൾ പാസാക്കിയതിനെതിരെയും, സംസ്ഥാന സർക്കാരിന്റെ ഭൂപരിഷ്കരണ നിയമത്തിനെതിരെയുള്ള പ്രതിഷേധമായാണ് കർഷക സംഘടനകൾ കർണാടക ബന്ദിന് നടത്തുന്നത്. ഓട്ടോ ടാക്സി തൊഴിലാളി യൂണിയനുകളും ഹോട്ടൽ തൊഴിലാളികളുടെ യൂണിയനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ വരും നാളുകളിൽ കൂടുതൽ ശക്തമായ സമര പരിപാടികളിലേക്ക് കടക്കുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പാർലമെന്റ് പാസാക്കിയ കാർഷിക ബിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചത്. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ മൂന്ന് ബില്ലുകളാണ് രാഷ്ട്രപതി ഒപ്പുവച്ചത്. ഇതോടെ കാർഷിക ബിൽ നിയമമായിരിക്കുകയാണ്. ഇതിനെതിരെ ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബില്ലുകള്‍ക്കെതിരെ സ്വാതന്ത്ര്യ സമര പോരാളി ഭഗത് സിങ്ങിന്റെ ജന്മനാട്ടില്‍ സമരം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top