ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളായ മാത്യു ഹെയ്ഡന് ഇന്ത്യയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുക എന്ന പുതിയ ചുമതല നല്‍കി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. മാത്യു ഹെയ്ഡനും ഇന്ത്യന്‍ വംശജയായ രാഷ്ട്രീയ നേതാവ് ലിസ സിംഗിനുമാണ് ചുമതല വീതിച്ച് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഓസ്ട്രേലിയ-ഇന്ത്യ കൗണ്‍സിലിലേക്കുള്ള പുതിയ നിയമനങ്ങള്‍ ഓസീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അശോക് ജേക്കബ് കൗണ്‍സില്‍ ചെയര്‍മാനായി തുടരും.
ലേബര്‍ പാര്‍ട്ടി നേതാവും ടാസ്മാനിയയില്‍ നിന്നുള്ള മുന്‍ സെനറ്ററുമായ ലിസ സിംഗായിരിക്കും പുതിയ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍. കൗണ്‍സിലിലേക്കുള്ള പുതിയ അംഗങ്ങളായാണ് ഹെയ്ഡനെയും ടെഡ് ബെയ്‌ല്യൂവിനെയും നിയമിച്ചത്. ഓസ്ട്രേലിയയുടെ വിദേശ സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ഈ സമിതിക്കുള്ളത്.
48 കാരനായ ഹെയ്ഡന്‍, 103 അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിലും 161 ഏകദിന മത്സരങ്ങളിലും ഓസീസിന് വേണ്ടി കളിച്ചിട്ടുണ്ട്. 40 അന്താരാഷ്ട്ര സെഞ്ചുറികളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. 2018 മുതല്‍ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് ഓസ്ട്രേലിയ ഇന്ത്യ എന്‍ഗേജ്മെന്റ് അംഗമായിരുന്നു.