അമേരിക്ക: വ്യാപാര പിരിമുറുക്കങ്ങള്‍ അവസാനിപ്പിക്കാനും ലഘൂകരിക്കാനും രാജ്യങ്ങള്‍ക്ക് ലോകവ്യാപാര സംഘടനയുടെ നിര്‍ദ്ദേശം. ലോകസാമ്പത്തിക വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന വ്യാപാര നയങ്ങളില്‍ നിന്ന് പിന്മാറാനാണ് ഡബ്‌ള്യൂ.റ്റി.ഒ ആവശ്യപ്പെട്ടിരിക്കുന്നത്.
ജി 20 രാജ്യങ്ങളിലെ വ്യാപാര നിയന്ത്രണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ലോകവ്യാപാരസംഘടന പ്രസിദ്ധപ്പെടുത്തി. 2017 ഒക്ടോബര്‍ മുതല്‍ 2018 മെയ് വരെയുള്ള റിപ്പോര്‍ട്ടാണ് പ്രസിദ്ധപ്പെടുത്തിയത്. 39 പുതിയ വ്യാപാര നിയന്ത്രണങ്ങളാണ് ഇക്കാലയളവില്‍ ജി 20 രാജ്യങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണിത്. ഇരുമ്പ്, സ്റ്റീല്‍, പ്ലാസ്റ്റിക്, വാഹനങ്ങള്‍ എന്നിവയുടെ വ്യാപാരത്തെയാണ് ഇത് ബാധിക്കുന്നത്. ഡബ്‌ള്യൂ.റ്റി.ഒയുടെ റിപ്പോര്‍ട്ടില്‍ ഒരു രാജ്യത്തിനെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷം ആദ്യം മുതല്‍ വിവിധ തരം താരിഫുകളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാര മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സാമ്പത്തിക വൈരികളോട് താരിഫിലൂടെ പകരം വീട്ടുകയെന്നതാണ് പല രാജ്യങ്ങളുടേയും ഇപ്പോഴത്തെ രീതിയെന്ന് ലോക വ്യാപാരസംഘടന വക്താവ് ഡാന്‍ പ്രുസിന്‍ വ്യക്തമാക്കി. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയതിന് പ്രതികാര നടപടിയായി ചൈന കഴിഞ്ഞ ദിവസം ഉയര്‍ന്ന നികുതിയാണ് ചുമത്തിയത്. ഈ വ്യാപാരയുദ്ധം കൂടുതല്‍ ആശങ്കയ്ക്ക് വഴിവയ്ക്കുന്നതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ആഗോള തലത്തിലുള്ള മൊത്തം വ്യാപാരത്തെ പ്രതികൂലമായി ബാധിക്കും. യുഎസില്‍ നിന്ന് ഏകദേശം മൂന്നു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിയാണ് ചൈനയില്‍ നടക്കുന്നത്.
ലോക വ്യാപാര സംഘടന ആര്‍ക്കും എതിരല്ല. എന്നാല്‍ അമേരിക്കയുടെ ചില നിലപാടുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോകവ്യാപാര സംഘടനക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അമേരിക്കയോട് ലോകവ്യാപാര സംഘടന വളരെ മോശം സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തല്‍ക്കാലം ലോകവ്യാപാര സംഘടനയില്‍ നിന്ന് പുറത്തേക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.ലോകവ്യാപാര സംഘടനക്കെതിരായ ട്രംപിന്റെ പരാമര്‍ശങ്ങള്‍ വരും ദിവസങ്ങളിലും ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.