കൊച്ചി:കെഎസ്ആര്‍ടിസിയുടെ ഉന്നമനത്തിനായി കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ പരിഷ്‌കാര നടപടികള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതോടെ ട്രേഡ് യൂണിയനുകള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സമരം കൊണ്ട് തച്ചങ്കരിയെ എതിര്‍ക്കാനാണ് ട്രേഡ് യൂണിയനുകളുടെ തീരുമാനം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളാണ് തച്ചങ്കരി നടപ്പിലാക്കുന്നത് എന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഏഴിന് 24 മണിക്കൂര്‍ സൂചനാപണിമുടക്ക് നടത്തുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയത്. കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു), കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി), കെ.എസ്.ടി.ഡബ്ല്യു.യു (ഐ.എന്‍.ടി.യു.സി), കെ.എസ്.ടി.ഡി.യു (ഐ.എന്‍.ടി.യു.സി) എന്നീ സംഘടനകളാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയിലുള്ളത്.
ശമ്പളപരിഷ്‌കരണ ചര്‍ച്ച സമയബന്ധിതമായി പൂര്‍ത്തിയാക്കുക,ഷെഡ്യൂള്‍ പരിഷ്‌കാരം ഉപേക്ഷിക്കുക,വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, നിയമവിരുദ്ധ ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ തച്ചങ്കരിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ തൊഴിലാളി നേതാവിന്റെ വികാരപ്രകടനമായി കണ്ടാല്‍ മതിയെന്നും മികച്ച് ഭരണനിര്‍വഹണമാണ് നിലവിലുള്ളതെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.