ലോസ് ആഞ്ചല്‍സ്: ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് വന്‍ നികുതി ചുമത്തിയ നടപടി യു.എസിനെ തിരിഞ്ഞുകൊത്തുന്നു. വിദേശ രാജ്യങ്ങള്‍ പ്രത്യേകിച്ചും ചൈന,യൂറോപ്യന്‍ യൂണിയന്‍,കാനഡ എന്നീ രാഷ്ട്രങ്ങള്‍ തിരിച്ച് യു.എസ് ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തിയതാണ് യു.എസിന് അടിയായത്.
യു.എസിലെ ചെറി, ബദാം കര്‍ഷകര്‍ ഇതിനോടകം വിപണി കിട്ടാതെ പ്രതിസന്ധിയിലായിരിക്കയാണെന്ന് ചൈനീസ് പത്രമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. കയറ്റുമതിയെ ആശ്രയിക്കുന്ന ഈ മേഖലകളില്‍ ഈ വര്‍ഷം വന്‍ വിളവെടുപ്പാണുണ്ടായിരിക്കുന്നത്.
കാലിഫോര്‍ണിയ ആല്‍മോണ്ട് ഒബ്ജക്ടീവ് മെഷര്‍മെന്റ് റിപ്പോര്‍ട്ട് പ്രകാരം ഇത്തവണ ബദാം വിളവെടുപ്പ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 7.9 ശതമാനം വര്‍ധിച്ച് 2.45 ബില്ല്യണ്‍ പൗണ്ടായിരിക്കയാണ്. 34ബില്ല്യണ്‍ ഡോളര്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തിയ യു.എസ് നടപടിയോട് പ്രതികാരമായി ചൈന യു.എസ് ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തിയതാണ് യു.എസ് കാര്‍ഷിക ഉത്പന്നങ്ങളെ ബാധിക്കുന്നത്. യു.എസില്‍ നിന്നും സമാന തുകയ്ക്കുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍,വാഹനങ്ങള്‍,അക്വാറ്റിക് ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് നികുതി ചുമത്തി ചൈന അതേ നാണയത്തില്‍ തിരിച്ചടിച്ചു.
കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ചൈന 50 ശതമാനം നികുതി ചുമത്തിയതോടെ യു.എസ് ബദാമിന് ഓസ്‌ട്രേലിയയില്‍ നിന്നുള്ള ബദാമിനേക്കാള്‍ ഇരട്ടി വിലയേറും. ഇത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് യു.എസ് കര്‍ഷകര്‍ പറയുന്നത്. നിലവില്‍ 11 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള കാലിഫോര്‍ണിയയിലെ ബദാം കാര്‍ഷിക വ്യവസായം 104,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. ചൈനയുടെ നടപടിയോടെ തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് ജീവനക്കാര്‍ എന്ന് സിന്‍ഹുവ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ചെറി കര്‍ഷകരും സമാന പ്രശ്‌നം നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. 130 മില്ല്യണ്‍ ഡോളറിന്റെ ചെറിപ്പഴം കഴിഞ്ഞവര്‍ഷം യു.എസില്‍ നിന്നും ചൈനയിലേക്ക് ഇറക്കുമതി ചെയ്തിരിരുന്നു. ഇ വര്‍ഷം അത്രയും ചെറിപ്പഴം യു എസില്‍ നിന്ന് ചൈനയിലേക്ക് കയറ്റി അയക്കാന്‍ സാധിക്കുമോ എന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്.