ലക്‌നൗ: ഫേസ്ബുക്ക് ലൈവില്‍ വ്യാപാരിയുടെ ആത്മഹത്യാ ശ്രമം. ബിസിനസില്‍ ഉണ്ടായ തിരിച്ചടിയില്‍ മനംനൊന്താണ് ഉത്തര്‍പ്രദേശിലെ ബാദ്പത്ത് സ്വദേശിയായ ഷൂ വ്യാപാരി കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളുടെ ഭാര്യ മരിച്ചു.
രാജീവ് തോമര്‍ എന്ന ഷൂ വ്യാപാരിയാണ് ഭാര്യക്ക് ഒപ്പം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ചരക്ക് സേവന നികുതിയാണ് തന്റെ ബിസിനസ് തകര്‍ത്തത് എന്നും, കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും ചെറുകിട വ്യാപാരികളെയും കര്‍ഷകരെയും പരിഗണിക്കുന്നില്ലെന്ന ആരോപണവും ഇദ്ദേഹം ലൈവില്‍ ചൂണ്ടിക്കാട്ടി. 40 കാരനായ രാജീവ് തോമര്‍ കയ്യില്‍ കരുതിയിരുന്ന വിഷം ലൈവില്‍ വച്ചായിരുന്നു കഴിച്ചത്. ഇദ്ദേഹത്തിന്റെ നീക്കം തടയാന്‍ ഭാര്യ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പിന്നാലെ ഇരുവരും ഫ്രെയിമില്‍ നിന്നും മാറുകയും ചെയ്യുകയായിരുന്നു.
ഫേസ്ബുക്ക് ലൈവ് ശ്രദ്ധയില്‍പെട്ടവരാണ് വിഷയം പോലീസിനെ അറിയിച്ചത്. പൊലീസെത്തിയാണ് വ്യാപാരിയെയും ഭാര്യയെയും ആശുപത്രിയിലെത്തിച്ചത്. ഇതിന് പിന്നാലെയാണ് 38 കാരിയായ രാജീവ് തോമറിന്റെ ഭാര്യ മരണമടഞ്ഞത്.
ആത്മഹത്യ ശ്രമത്തിന് മുമ്ബ് രാജീവ് തോമര്‍ നടക്കിയ പ്രതികരണം ഇതിനോടകം രാഷ്ട്രീയ വിവാദത്തിനും വഴിവച്ചു. നികുതി സംവിധാനത്തെയും കേന്ദ്ര സര്‍ക്കാറിനെയും വിമര്‍ശിച്ചാണ് രാജീവ് ആത്മഹത്യ ശ്രമിച്ചതാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. ‘എനിക്ക് സംസാരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്നു, എന്റെ കടങ്ങള്‍ വീട്ടും, ഞാന്‍ മരിച്ചാലും ഞാന്‍ വീട്ടും, പക്ഷേ ഈ വീഡിയോ പരമാവധി ഷെയര്‍ ചെയ്യണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ ഒരു ദേശവിരുദ്ധനല്ല, പക്ഷേ ഞാന്‍ രാജ്യത്ത് വിശ്വാസമുണ്ട്. എന്നാല്‍ മോദിജിയോട് (പ്രധാനമന്ത്രി നരേന്ദ്രമോദി) എനിക്ക് പറയാനുണ്ട്, നിങ്ങള്‍ ചെറുകിട വ്യാപാരികളുടെയും കര്‍ഷകരുടെയും അഭ്യുദയകാംക്ഷിയല്ല, നിങ്ങളുടെ നയങ്ങള്‍ മാറ്റൂ,’. എന്നും രാജീവ് തോമര്‍ പറയുന്നു.