ഫെബ്രുവരി 13-ന് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി;’കടയടപ്പ് പ്രാകൃത സമര രീതി’

കടയടച്ചിട്ടുള്ള സമരരീതികള്‍ പ്രാകൃതമാണെന്നും ഉപഭോക്താക്കളെ ചെറുകിട വ്യാപാരികളില്‍ നിന്നും അകറ്റാനാണ് അത്തരം സമരമാര്‍ഗങ്ങള്‍ വഴിവെച്ചതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഇത്തരം സമരരീതികളില്‍ ഇനിമുതല്‍ പങ്കാളികളാകില്ലെന്നും ഫെബ്രുവരി 13-ന് കടകള്‍ തുറക്കുമെന്നും സമിതി സംസ്ഥാന നേതൃയോഗം വ്യക്തമാക്കി. വ്യാപാരി വിരുദ്ധവും ജനദ്രോഹപരവുമായ സമരപരിപാടികളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും സമിതി ആവശ്യപ്പെട്ടു.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഹര്‍ത്താല്‍ പ്രഖ്യാപനങ്ങളില്‍ നിന്നും പിന്‍വാങ്ങുമ്പോള്‍ രാഷ്ട്രീയ പ്രേരിതം എന്ന് പരക്കെ ആക്ഷേപമുയര്‍ന്ന കടയടപ്പ് സമരം പ്രഖ്യാപിച്ച ഒരു വിഭാഗം വ്യാപാര സംഘടനാനേതാക്കള്‍ ചില സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്.എസ്. മനോജ് ആരോപിച്ചു.

‘കേരളത്തിലെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് വന്‍കിട കുത്തക മാളുകളും, ഓണ്‍ലൈന്‍ വിപണിയും. അത്തരം വിപണികള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെറുകിട വ്യാപാര സ്ഥാപനങ്ങളെ ബലമായി അടപ്പിക്കുവാനും ഉള്ള ശ്രമങ്ങള്‍ വ്യാപാരികള്‍ തന്നെ ചെറുത്ത് തോല്‍പ്പിക്കണം. ഇത്തരം പ്രാകൃത ചിന്താഗതിക്കാരായ നേതാക്കളില്‍ നിന്ന് വ്യാപാരികള്‍ക്ക് സംരക്ഷണം ലഭ്യമാക്കണം,’ – എസ്.എസ്. മനോജ് പറഞ്ഞു.

കടയടച്ചിട്ട് നടത്തിയ ഒരു സമരവും വിജയിച്ചിട്ടില്ലെന്ന് പറഞ്ഞ മനോജ്, സര്‍ക്കാരിനേയും വ്യാപാരികളേയും തമ്മില്‍ തല്ലിക്കാനാണ് ചില സംഘടനകള്‍ ശ്രമിക്കുന്നതെന്നും സംഘടനാ വിഭാഗത്തിനുള്ളിലെ വിഭാഗീയതയും കോടികളുടെ സാമ്പത്തിക ക്രമക്കേടുകളും മറനീക്കി പുറത്താവും എന്ന ഘട്ടത്തിലാണ് ഇത്തരം സമരനാടകങ്ങള്‍ നടത്തുന്നതെന്നും കുറ്റപ്പെടുത്തി.

‘സംഘടനയുടെ പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളും സംസ്ഥാന പോലീസ്, ക്രൈംബ്രാഞ്ച്, വിജിലന്‍സ് തുടങ്ങി സംസ്ഥാന അന്വേഷണ ഏജന്‍സികളും കൈകാര്യം ചെയ്യുന്ന വിവിധ കേസുകളിലെ പ്രതികള്‍ ആയിട്ടുള്ള നേതാക്കള്‍ നടത്തുന്നത് ‘വ്യാപാര സംരക്ഷണ യാത്ര’ അല്ല ‘സ്വയം സംരക്ഷണ യാത്ര’ ആണ്,’ – എസ്.എസ്. മനോജ് പറഞ്ഞു.

Top