പാരമ്പര്യ സ്വത്ത് തര്‍ക്കം പരിഹരിക്കാന്‍ പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിച്ച് യുഎഇ

ദുബായ്: പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളുടെ വില്‍പ്പന സംബന്ധിച്ച് അവകാശികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിച്ചു. പാരമ്പര്യമായി ലഭിച്ച പാര്‍പ്പിടങ്ങളില്‍ ആളുകള്‍ക്കുള്ള അവകാശം സംരക്ഷിക്കുന്നതിനായി അഭിഭാഷകര്‍, ധനകാര്യ വിദഗ്ധര്‍, പ്രോപ്പര്‍ട്ടി വിദഗ്ധര്‍ എന്നിവര്‍ അടങ്ങിയ ട്രിബ്യൂണലിനാണ് ഷേഖ് മുഹമ്മദ് രൂപം നല്‍കിയിരിക്കുന്നത്.

ദുബായിലെ ലാന്‍ഡ്, പ്രോപ്പര്‍ട്ടി ഡിപ്പാര്‍ട്മെന്റോ മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റോ പുറപ്പെടുവിക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ വിധി പ്രസ്താവിക്കാനും ഉത്തരവുകള്‍ പുറപ്പെടുവിപ്പിക്കാനും ഈ ട്രിബ്യൂണലിന് അധികാരമുണ്ടായിരിക്കുമെന്ന് യുഎഇയിലെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ദശാബ്ദങ്ങളായി ദുബായില്‍ അനിയന്ത്രിതമായി തുടരുന്ന പാര്‍പ്പിട നിര്‍മാണം മൂലം ആയിരക്കണക്കിന് പുതിയ വീടുകളാണ് ദുബായില്‍ ഉയരുന്നത്. കെട്ടിട ഉടമ മരണപ്പെടുന്ന സാഹചര്യത്തില്‍ പ്രോപ്പര്‍ട്ടിയെ അവകാശം സംബന്ധിച്ച് ബന്ധുക്കള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത് സര്‍വ്വസാധാരണമാകുന്ന സാഹചര്യത്തിലാണ് ഈ പ്രശ്നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ ട്രിബ്യൂണല്‍ സ്ഥാപിച്ചിരിക്കുന്നത്.

അവകാശികള്‍ക്കിടയില്‍ പ്രോപ്പര്‍ട്ടി എളുപ്പത്തില്‍ ഭാഗം വെക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആസ്തികള്‍ ലേലത്തില്‍ വെച്ച് ലഭിക്കുന്ന തുക ഇവര്‍ക്ക് വിതരണം ചെയ്യാന്‍ ട്രിബ്യൂണലിന് കഴിയും. എന്നാല്‍ തര്‍ക്കത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൊതുസമ്മതമായ തീരുമാനത്തില്‍ എത്താന്‍ സാധിച്ചില്ലെന്ന് വ്യക്തമാക്കുന്ന നിയമപരമായ രേഖ സമര്‍പ്പിച്ചെങ്കില്‍ മാത്രമേ പ്രശ്നത്തില്‍ ട്രിബ്യൂണല്‍ ഇടപെടുകയുള്ളൂ.ട്രിബില്യൂണലിന്റെ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ ഡിഐഎഫ്സി പോലുള്ള മറ്റ് നിയമ സ്ഥാപനങ്ങള്‍ക്ക് ഇത്തരം കേസുകളില്‍ ഇടപെടാന്‍ സാധിക്കുകയില്ല. പ്രത്യേക ട്രിബ്യൂണല്‍ പുറപ്പെടുവിക്കുന്ന തീരുമാനങ്ങളും ഉത്തരവുകളും അന്തിമമായിരിക്കും.

 

Top