നൃത്ത ചുവടിലൂടെ പൊലീസ്‌ സാന്താക്ലോസിന്റെ ഗതാഗത നിയന്ത്രണം; വീഡിയോ വൈറല്‍

മനില: ദിനംപ്രതി ഗതാഗത തിരക്ക് നിരത്തുകളില്‍ കൂടിവരികയാണ്. എന്നാല്‍ തിരക്ക് നിയന്ത്രണത്തിനായി ട്രാഫിക് ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കിലും അവര്‍ക്കു കാര്യമായ ശ്രദ്ധ ജോലിയില്‍ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യം.

തിരക്കുള്ള ജംഗ്ഷനും പൊള്ളുന്ന വെയിലും ഉണ്ടെങ്കില്‍ ട്രാഫിക് നിയന്ത്രണം കടുപ്പമേറിയ ജോലിയാകും. എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായാണ് ഫിലിപ്പൈന്‍സില്‍ ഗാതാഗതം നിയന്ത്രിക്കുന്നത്.

റോഡിലെ ട്രാഫിക് നിയന്ത്രണത്തിനൊപ്പം ചെറിയ നൃത്തചുവടുകളുമായാണ് ഫിലിപ്പൈന്‍സ് സ്വദേശിയായ റാമിറോ ഹിനോജാസ് എന്ന 51 കാരന്‍ ജോലി ചെയ്യുന്നത്.

ക്രിസ്മസ് സീസണ്‍ ആയതിനാല്‍ സാന്താക്ലോസിന്റെ വേഷത്തിലാണ് ഇദ്ദേഹത്തിന്റെ ട്രാഫിക് നിയന്ത്രണം.

വാഹനങ്ങള്‍ തിരക്കിട്ട്‌ പായുമ്പോഴും സാന്താക്ലോസ് വേഷമണിഞ്ഞ റാമിറോ നൃത്തം ചെയ്ത് കൊണ്ടാണ് ഗതാഗത തിരക്ക് നിയന്ത്രിക്കുന്നത്.

2005 മുതല്‍ മനിലയിലെ ഹൈവേകളിലാണ് റാമിറോ ജോലി ചെയ്യുന്നത്. അന്നുമുതല്‍ കാല്‍നടയാത്രക്കാരുടേയും വാഹന യാത്രക്കാരുടേയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് റാമിറോ.

എന്നാല്‍ തന്റെ അശ്രദ്ധമൂലം ഇതുവരെ വാഹനാപകടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് റാമിറോ വ്യക്തമാക്കുന്നത്.

നൃത്തച്ചുവടുകളിലൂടെ നിര്‍ദേശം നല്‍കുമ്പോള്‍ യാത്രക്കാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നും റാമിറോ കൂട്ടിചേര്‍ത്തു.

റാമിറോയുടെ നൃത്തച്ചുവടുകളില്‍ കൗതുകം തോന്നിയ പലരും ഇത് ചിത്രങ്ങളായും വീഡിയോകളായും പകര്‍ത്താറുണ്ടെന്നാണ് വാഹനയാത്രക്കാരുടെ പ്രതികരണം.

Top