അബുദാബിയില്‍ പൊതുബസുകളില്‍ 55 വയസു കഴിഞ്ഞവര്‍ക്കും, കുട്ടികള്‍ക്കും സൗജന്യമായി യാത്ര ഒരുക്കാനൊരുങ്ങി ഗതാഗതവകുപ്പ്. എന്നാല്‍ കൃത്യം പണം നല്‍കാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് 200 ദിര്‍ഹം പിഴ ഈടാക്കുമെന്നും ഗതാഗതവകുപ്പ് അറിയിച്ചു. അബുദാബിയില്‍ ഇതുവരെ പണം നല്‍കാതെ പൊതുബസുകളില്‍ യാത്രചെയ്യുന്നവര്‍ക്ക് ശിക്ഷ നല്‍കിയികിയിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ ഹാഫിലാത്ത് കാര്‍ഡ് വഴി കൃത്യമായി പണം നല്‍കാതെ യാത്രചെയ്യുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ലഭിക്കും.
പുതിയ ചട്ടങ്ങള്‍ പ്രകാരം 55 വയസ് പിന്നിട്ടവര്‍ക്കും, 10 വയസിന് താഴെയുള്ള കുട്ടികള്‍ക്കും സൗജന്യമായി യാത്രചെയ്യാം. കൂടാതെ ഇന്റര്‍സിറ്റി ബസുകളില്‍ ഇവര്‍ക്ക് പകുതി ചാര്‍ജ് നല്‍കിയാല്‍ മതിയാകും. 55 വയസ് പിന്നിട്ടവര്‍ ഈ ആനുകൂല്യം ലഭിക്കുന്നതിന് പാസ്‌പോര്‍ട്ട്, എമിറേറ്‌സ് ഐഡി എന്നിവ സഹിതം പ്രത്യേകം അപേക്ഷിക്കേണ്ടതുമാണ്. അഞ്ച് ദിര്‍ഹമാണ് രജിസ്‌ട്രേഷന്‍ ഫീസ്. കുട്ടികള്‍ക്ക് പ്രത്യേക കാര്‍ഡ് വേണ്ടതില്ല. എന്നാല്‍ മുതിര്‍ന്നവര്‍ക്കൊപ്പം മാത്രമേ കുട്ടികള്‍ക്ക് യാത്ര അനുവദിക്കൂ. മുതിര്‍ന്നവരുടെ പക്കല്‍ കുട്ടികളുടെ വയസ് തെളിയിക്കുന്ന രേഖകളുണ്ടായിരിക്കേണ്ടതുമാണ്.