മംഗളൂരു: മണ്ണിടിഞ്ഞ് ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ട മംഗളൂരു-തോക്കൂര്‍ പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. മംഗളൂരുവില്‍ നിന്നു കൊങ്കണ്‍ ഭാഗത്തേക്കും തിരിച്ചും ട്രെയിനുകള്‍ ഓടിത്തുടങ്ങി. ശനിയാഴ്ച രാത്രി കടന്നു പോകേണ്ടിയിരുന്ന അജ്മീര്‍ ജംക്ഷന്‍-എറണാകുളം ജംക്ഷന്‍ മരുസാഗര്‍ എക്‌സ്പ്രസാണ് ആദ്യം കടത്തി വിട്ടത്.
വെള്ളിയാഴ്ച രാവിലെയാണ് മംഗളൂരുവിലും തോക്കൂറിനും ഇടയില്‍ പടീല്‍, കുലശേഖര എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായത്. പടീലില്‍ ചെറിയ തോതില്‍ ഇടിഞ്ഞ മണ്ണ് നീക്കുന്നതിനിടെയാണ് കുലശേഖര കൊങ്കൂര്‍ തുരങ്കത്തിനു സമീപം ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടായത്. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പുതിയ തുരങ്കത്തിന്റെ നിര്‍മാണം നടക്കുന്നതിനു സമീപമാണ് മണ്ണിടിഞ്ഞത്.