ഹൈദരാബാദ്: അജ്ഞാത വാഹനമിടിച്ചു മണിക്കൂറുകളോളം റോഡില്‍ ആരുംതിരിഞ്ഞുനോക്കാതെ കിടന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ ചോര വാര്‍ന്നു മരിച്ചു.
ഹൈദരാബാദിലാണ് സംഭവം. വീടിന് ഇരുന്നൂറ് മീറ്റര്‍ അകലെയാണ് എന്‍. ലക്ഷ്മണ എന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ പിടഞ്ഞു മരിച്ചത്.
ജോലി കഴിഞ്ഞ് പുലര്‍ച്ചെ 1:30 വീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണ് ലക്ഷ്മണയെ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബോധരഹിതനായി നിലത്തുവീണ ലക്ഷ്മണയുടെ സമീപത്തുകൂടി വാഹനങ്ങള്‍ കടന്നുപോയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല.
ഏറെ നേരത്തിനു ശേഷം ആശുപത്രിയില്‍ എത്തിച്ച ലക്ഷ്മണ അവിടെവച്ചു മരിച്ചു.
വാഹനം ലക്ഷ്മണയെ ഇടിച്ചുതെറിപ്പിച്ചതിനു ശേഷം നിര്‍ത്താതെ പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വഴിവക്കില്‍ ചോരവാര്‍ന്നു കിടക്കുന്ന ഇദ്ദേഹത്തിന്റെ സമീപത്തു കൂടി മൂന്നു മോട്ടോര്‍ ബൈക്കുകള്‍ നിര്‍ത്താതെ ഓടിച്ചു പോകുന്നതും വീഡിയോയില്‍ കാണാം.