തിരുവനന്തപുരം : ഗതാഗത നിയമ ലംഘനത്തിന് ഓൺലൈനായും വെർച്വൽ കോടതി മുഖേനയും പിഴയടയ്ക്കാൻ വൈകിയതിനെത്തുടർന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് (സിജെഎം) കോടതികൾക്കു കൈമാറിയ കേസുകളിൽ കോടതി നടപടി ഒഴിവാക്കാൻ താൽപര്യമുള്ളവർക്കായി ഒരു മാസം ഇളവിനു സാധ്യത. ഇതിന് ഹൈക്കോടതി അംഗീകാരം നൽകിയാൽ സിജെഎം കോടതിയിൽ നിന്നു കേസുകൾ വെർച്വൽ കോടതിയിലേക്ക് ഓൺലൈനായി തിരികെ വിടും. ഒരു മാസത്തിനുള്ളിൽ പിഴയടച്ച് കേസ് തീർപ്പാക്കിയില്ലെങ്കിൽ പിന്നീട് അവസരമുണ്ടാകില്ല.
നിയമ ലംഘനങ്ങൾക്കു മോട്ടർ വാഹന വകുപ്പും പൊലീസും റജിസ്റ്റർ ചെയ്യുന്ന കേസുകൾ ചെല്ലാൻ സോഫ്റ്റ്‌വെയറിലാണ് ആദ്യം അപ്‌ലോഡ് ചെയ്യുന്നത്. ഒരു മാസം വരെ ഈ സംവിധാനത്തിൽ പിഴയടയ്ക്കാനാകും. വാഹന രേഖകളിലും ലൈസൻസിലും മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്ക് കേസ് വിവരങ്ങൾ എസ്എംഎസ് ആയി ലഭിക്കും. അല്ലെങ്കിൽ ഓൺലൈൻ ആയി പരിശോധിക്കാനും സംവിധാനമുണ്ട്. ഒരു മാസത്തിനുള്ളിൽ തീർപ്പാക്കാത്ത കേസുകൾ വെർച്വൽ കോടതിക്കു കൈമാറും. വെർച്വൽ കോടതികളിൽ ഇവ തീർപ്പാക്കാൻ 60 ദിവസം വരെ സമയമുണ്ട്. ഇവിടെയും തീർപ്പായില്ലെങ്കിൽ കോടതിക്കു കൈമാറും.
6 മാസത്തിലധികമായി തീർപ്പാകാതെ കിടന്ന നാലര ലക്ഷത്തോളം കേസുകളാണ് ഇപ്പോൾ സിജെഎം കോടതികൾക്കു കൈമാറിയത്. ഇ–കോർട്ട് സോഫ്റ്റ്‌വെയർ വെർച്വൽ കോടതിയുമായി ബന്ധിപ്പിച്ചതോടെയാണ് ഇവ കൈമാറ്റം ചെയ്യപ്പെട്ടത്. കോടതിയിലേക്കു കേസ് എത്തിയാൽ കോടതി നടപടിക്രമങ്ങൾ അനുസരിച്ചു മാത്രമായിരിക്കും തീർപ്പ്. അതുവരെ വാഹനവും ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമല്ലാതാകും.
പിഴയുണ്ടോ എന്നറിയാൻ
എസ്എംഎസ് ആയി ഇ–ചെല്ലാൻ നമ്പർ ലഭിച്ചാൽ www.echallan.parivahan.gov.in/index/accused-challan എന്ന പോർട്ടൽ വഴി ഓൺലൈനായി പിഴയടയ്ക്കാം. എസ്എംഎസ് ലഭിക്കാത്തവർക്ക് വാഹനവുമായി ബന്ധപ്പെട്ട് കേസുണ്ടോ എന്നറിയാൻ ഇതേ പോർട്ടലിൽ വെഹിക്കിൾ നമ്പർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത ശേഷം വാഹനത്തിന്റെ നമ്പരും മറ്റു വിവരങ്ങളും നൽകിയാൽ മതി. ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട കേസുണ്ടോ എന്നു പരിശോധിക്കാൻ തൊട്ടു താഴെയുള്ള ഡിഎൽ നമ്പർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത ശേഷം വിവരങ്ങൾ നൽകണം.
കേസ് ഉണ്ടെങ്കിൽ അതിനോടൊപ്പമുള്ള ഇ–ചെല്ലാൻ നമ്പർ രേഖപ്പെടുത്തി പേ–ഓൺലൈൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പണം ഓൺലൈനായി അടയ്ക്കാം. ചെല്ലാൻ കോടതിയിലേക്കു പോയിട്ടുണ്ടോ എന്നറിയാൻ ചെക്ക് ഓൺലൈൻ സർവീസസ് എന്നതിലെ ചെക്ക് ചെല്ലാൻ സ്റ്റേറ്റസ് എന്ന ലിങ്ക് നോക്കണം.