ന്യൂഡല്‍ഹി: ഫോണ്‍വിളി മുറിയലിനെതിരെ കര്‍ശന നടപടിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ.
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ടെലികോം കമ്പനികള്‍ക്കെതിരെ അഞ്ചുലക്ഷത്തില്‍ കുറയാത്ത പിഴ ചുമത്തുമെന്ന് ട്രായ് വ്യക്തമാക്കി. ഫോണ്‍വിളി മുറിയല്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 50,000 രൂപ മാത്രമായിരുന്നു നേരത്തെ പിഴ.
ഫോണ്‍വിളി മുറിയലിന്റെ തോതനുസരിച്ചാവും പിഴ നിശ്ചയിക്കുക. ദീര്‍ഘകാലം ഫോണ്‍വിളി മുറിയില്‍ തുടര്‍ന്നാല്‍ ഇതിന്റെ ഇരട്ടി തുകയാവും പിഴ ഈടാക്കുക. ടെലികോം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഈനീക്കം ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ട്രായ് ചൂണ്ടിക്കാട്ടി.
അതേസമയം ട്രായ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. കാര്യക്ഷമത ഉറപ്പാക്കാന്‍ ഇത്തരം നീക്കങ്ങള്‍കൊണ്ട് സാധിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍, സേവനങ്ങളുടെ ഗുണനിലവാരം പൂര്‍ണമായും കമ്പനികളുടെ നിയന്ത്രണത്തില്‍ അല്ലെന്നും അസോസിയേഷന്‍ പറഞ്ഞു. കാലാവസ്ഥ അടക്കമുള്ളവ സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.