കോവിഡ്–19 മഹാമാരി ഭീതി കാരണം പുറത്തിറങ്ങാതെ മിക്കവരും പഠനവും ജോലിയും ഓൺലൈനിലേക്ക് മാറ്റിയതോടെ ടെലികോം സേവനദാതാക്കളുടെ നെറ്റ്‌വർക്ക് വേഗം കുത്തനെ കുറഞ്ഞുവെന്ന് ആരോപണമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ മിക്ക നെറ്റ്‌വർക്കുകളുടെയും വേഗം കുത്തനെ കൂടിയെന്നാണ് ട്രായിയുടെ റിപ്പോർട്ടിൽ കാണിക്കുന്നത്. ട്രായിയുടെ റിപ്പോർട്ട് പ്രകാരം 4ജി ഡൗൺലോഡിങ് വേഗത്തിൽ ജിയോയും അപ്‌ലോഡിങ്ങിൽ വോഡഫോൺ ഐഡിയയുമാണ് ഒന്നാമത്.
ട്രായ് ഡേറ്റ പ്രകാരം ഒക്ടോബറിൽ റിലയൻസ് ജിയോയുടെ ശരാശരി 4ജി ഡൗൺലോഡ് വേഗം സെക്കൻഡിൽ 21.9 മെഗാബൈറ്റ് (എംബിപിഎസ്) ആണ്. അപ്‌ലോഡ് വേഗം സെക്കൻഡിൽ 7.6 എംബിപിഎസുമായി വോഡഫോൺ ഐഡിയയും ഒന്നാമതെത്തി. ജിയോയുടെ 4ജി നെറ്റ്‌വർക്ക് വേഗം സെപ്റ്റംബറിൽ 20.9 എംബിപിഎസ് ആയിരുന്നു. ജിയോയുടെ എതിരാളികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ വേഗം യഥാക്രമം 8.7 എംബിപിഎസ്, 6.3 എംബിപിഎസ് എന്നിങ്ങനെയാണ്.
ട്രായി റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ മൂന്ന് ടെലികോം സ്വകാര്യ ഓപ്പറേറ്റർമാരുടെ 4ജി അപ്‌ലോഡ് വേഗത്തിലും പുരോഗതിയുണ്ട്. വോഡഫോൺ ഐഡിയ ഒക്ടോബറിൽ ശരാശരി 7.6 എംബിപിഎസ് അപ്‌ലോഡ് വേഗം നിലനിർത്തി. 6.4 എംബിപിഎസ് അപ്‌ലോഡ് വേഗവുമായി റിലയൻസ് ജിയോയും 5.2 എംബിപിഎസുമായി ഭാരതി എയർടെലും തൊട്ടുപിന്നാലെയുണ്ട്.
കേരളത്തിലെ നെറ്റ്‌വർക്ക് വേഗത്തിൽ ജിയോയാണ് മുന്നിൽ. കേരളത്തിലെ ജിയോയുടെ ഡൗൺലോഡ് വേഗം 17.3 എംബിപിഎസ് ആണ്. എയർടെലിന്റേത് 5.7 എംബിപിഎസ്, വോഡഫോൺ ഐഡിയയുടേത് 7.6 എംബിപിഎസ് എന്നിങ്ങനെയാണ്. രാജ്യത്ത് ഒഡീഷയിലാണ് ഏറ്റവും വേഗമുള്ള നെറ്റ്‌വർക്ക്. ഒഡീഷയിൽ ജിയോയുടെ ഡൗൺലോഡ് വേഗം 35 എംബിപിഎസ് ആണ്.