ന്യൂഡൽഹി: കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി എക്സ്പ്രസ്/മെയിൽ ട്രെയിനുകൾ ‘സ്പെഷൽ’ ആക്കി നിരക്കു കൂട്ടിയ നടപടി അടിയന്തരമായി പിൻവലിക്കാൻ റെയിൽവെ ബോർഡ് ഉത്തരവ്. കോവിഡ് കാലത്തിനു മുമ്പത്തെ നിരക്കിലേക്ക് കൊണ്ടുവരാനാണ് നിർദേശം. അമിത നിരക്കിനെതിരെ യാത്രക്കാരുടെ പ്രതിഷേധം കനത്തുവരുന്നതിനിടെയാണ് തീരുമാനം.
വെള്ളിയാഴ്ചത്തെ ഉത്തരവ് ഒന്നു രണ്ടു ദിവസത്തിനകം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നതെന്ന്റെയിൽവെവൃത്തങ്ങൾ സൂചന നൽകി. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു നൽകിത്തുടങ്ങിയപ്പോളാണ് സ്പെഷൽ ട്രെയിൻ എന്ന വിഭാഗത്തിൽ പെടുത്തി ഉയർന്ന നിരക്കോടെ ട്രെയിൻ സർവിസുകൾ പുനരാരംഭിച്ചത്.
ദീർഘദൂര വണ്ടികളാണ് ആദ്യം ഈ രൂപത്തിൽ ഓടിച്ചതെങ്കിലും പിന്നീടിങ്ങോട്ട് ഹ്രസ്വദൂര വണ്ടികളും സ്പെഷലാക്കി ഉയർന്ന നിരക്കിൽ സർവിസ് പുനരാരംഭിച്ചു. ഒഴിവാക്കാവുന്ന യാത്രകളിൽനിന്ന് യാത്രക്കാരെ പിന്തിരിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ’അൽപം ഉയർന്ന നിരക്ക്’ ഈടാക്കുന്നത് എന്നായിരുന്നു റെയിൽവെയുടെ വാദം.