ടിക്കറ്റ് എടുത്തില്ല; ജനശതാബ്ദി ട്രെയിനില്‍ പൊലീസുകാര്‍ ടിടിഇയെ മര്‍ദിച്ചതായി പരാതി

തൃശ്ശൂര്‍ : കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി ട്രെയിനില്‍ ടിടിഇയെ പൊലീസുകാര്‍ മര്‍ദിച്ചതായി പരാതി. ട്രെയിന്‍ ചാലക്കുടിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. രണ്ടു പൊലീസുകാര്‍ തൃശൂരില്‍ നിന്ന് പ്രതികളുമായി ട്രെയിനില്‍ കയറിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങാന്‍ കാരണം.

പൊലീസുകാര്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് പ്രതികള്‍ക്കും ട്രെയിന്‍ ടിക്കറ്റ് ഉണ്ടായിരുന്നില്ല. ആയതിനാല്‍ പൊലീസുകാരും പ്രതികളും കൂടുതല്‍ പണമടയ്ക്കണമെന്നും ഇല്ലെങ്കില്‍ ചാലക്കുടി സ്റ്റേഷനില്‍ ഇറങ്ങണമെന്നും പറഞ്ഞ ടിടിഇയെ പൊലീസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു.

എറണാകുളത്തേക്ക് പോകുന്ന ആംഡ് റിസര്‍വ് ക്യാംപിലെ പൊലീസുകാരായ നിജന്‍,റിന്റോ എന്നിവരാണ് ടിടി ഇ ആയ സതീന്ദ്രകുമാര്‍ മീണയെ മര്‍ദ്ദിച്ചത്. ട്രെയിന്‍ എറണാകുളത്തെത്തിയപ്പോള്‍ ടിടിഇ റെയില്‍വേ പൊലീസിനെ സമീപിച്ച് പൊലീസുകാര്‍
ടിടി ഇയെ മര്‍ദിച്ചെന്ന് പരാതി നല്‍കി എന്നാല്‍ പ്രതികളുമായി വന്ന തങ്ങളെ പോകാന്‍ അനുവദിക്കണമെന്നും പൊലീസ് ആവശ്യപ്പെടുകയും ടിടിഇ തങ്ങളെ മര്‍ദിച്ചെന്നാരോപിച്ച് പരാതി നല്‍കുകയും ചെയ്തു. പരാതി തൃശൂര്‍ റെയില്‍വേ പൊലീസിന് കൈമാറി.

Top